ഒമാനിൽ വ്യാഴാഴ്ച ശക്തമായ മഴയുണ്ടാകാൻ സാധ്യത: കാലവസ്ഥ നിരീക്ഷണ കേന്ദ്രം
വടക്കൻ ബാത്തിന, ദാഹിറ,ബുറൈമി എന്നീ ഗവർണറേറ്റുകളെയാണ് വ്യാഴാഴ്ച രാവിലെ മുതൽ മഴ ബാധിക്കുക
മസ്‌കത്ത്: ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ വ്യാഴാഴ്ച ശക്തമായ മഴയുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂന മർദ്ദത്തിന്റെ ഭാഗമായി മാർച്ച് ഒന്നുവരെ ഒമാനിലെ മിക്ക ഗവർണററ്റുകളിലും മഴ ഉണ്ടാകുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ മണിക്കൂറിൽ 28മുതൽ 64 കി.മീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. വടക്കൻ ബാത്തിന, ദാഹിറ,ബുറൈമി എന്നീ ഗവർണറേറ്റുകളെയാണ് വ്യാഴാഴ്ച രാവിലെ മുതൽ മഴ ബാധിക്കുക. പ്രതികൂല കാലാവസ്ഥ ഉച്ചയോടെ തെക്കൻ ബത്തിന, മസ്‌കത്ത്, ദാഖിലിയ, തെക്ക്-വടക്ക് ശർഖിയ ഗവർണറേറ്റുകളിലേക്ക് വ്യാപിക്കും. വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുളളതിനാൽ മുറിച്ച് കടക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളിൽനിന്നും മറ്റും മാറി നിൽക്കണമെന്നും കപ്പൽ യാത്ര ഒഴിവാക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടു.
മുസന്ദം ഗവർണറേറ്റിലും ഒമാൻ കടൽ തീരങ്ങളിലും രണ്ട് മുതൽ 3.5 മീറ്റർ വരെ തിരമാല ഉയരാൻ സാധ്യതയുണ്ടെന്നും കാലവസ്ഥ മുന്നറിയിപ്പിൽ പറയുന്നു. കടലിൽപോകുന്നവർ ജാഗ്രത പാലിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അഭ്യാർഥിച്ചു. പൊടി ഉയരുന്നതിനാൽ ദൂരക്കാഴ്ചയെ ബാധിച്ചേക്കും. മുസന്ദം ഗവർണറേറ്റിന്റെ പടിഞ്ഞാറൻ തീരങ്ങളിലും ഒമാൻ കടലിന്റെ തീരങ്ങളിലും തിരമാലകൾ രണ്ട് മുതൽ 3.5മീറ്റർവരെ ഉയർന്നേക്കും. താപനിലയിൽ പ്രകടമായ മാറ്റമുണ്ടാകും.
Adjust Story Font
16