കനത്ത മഴ: ഒമാനിലെ സ്‌കൂളുകൾക്ക് ബുധനാഴ്ചയും അവധി
ദോഫാറും അൽ വുസ്തയും ഒഴികെയുള്ള ഗവർണറേറ്റുകളിലാണ് അവധി
മസ്‌കത്ത്: കനത്ത മഴയും കാറ്റുമുള്ള കാലാവസ്ഥാ സാഹചര്യം കണക്കിലെടുത്ത്, ദോഫാർ, അൽ വുസ്ത ഒഴികെ ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും ബുധനാഴ്ചയും അവധി. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വിവിധയിടങ്ങളിലെ സ്‌കൂളുകൾക്ക് അവധി നൽകിയിരുന്നു. താൽക്കാലികമായി നിർത്തിവെച്ച ക്ലാസുകൾ വിദൂര രീതിയിൽ തുടരും.
അതേസമയം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് രാത്രിയും നാളെ കാലത്തുമായി മഴയും ഇടിമിന്നലും തുടരുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മിന്നൽ പ്രളയത്തിന് ഇടയാകുന്ന തരത്തിൽ കാറ്റിനും ആലിപ്പഴ വർഷത്തിനുമൊപ്പം 30 -100 എം.എം മഴയുണ്ടായേക്കുമെന്നാണ് സിവിൽ ഏവിഷേൻ അതോറിറ്റി അൽ ഇർസ്വാദുൽ ഒമാനിയ്യ എന്ന ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചത്. മുസന്ദം, ബുറൈമി, ദാഹിറ, നോർത്ത് ബാത്തിന, ദാഖിലിയ, മസ്‌കത്ത്, സൗത്ത് ബാത്തിന, സൗത്ത് ഷർഖിയ, നോർത്ത് ഷർഖിയ, അൽവുസ്തയുടെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മഴയുണ്ടാകുകയെന്നാണ് അറിയിപ്പ്. ദോഫർ ഗവർണറേറ്റിൽ ഒറ്റപ്പെട്ട മഴയുമുണ്ടായേക്കും.
Adjust Story Font
16