ഒമാനിലെ ബുറൈമിയിൽ ശക്തമായ മഴ; വാദിയിലകപ്പെട്ട് മൂന്ന് മരണം
വാഹനവുമായി വാദി മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ട് അപകടം ഉണ്ടായത്.
മസ്കത്ത്: ഒമാനിലെ ബുറൈമിയിൽ മഴയെ തുടർന്നുണ്ടായ വാദിയിൽ അകപ്പെട്ട് മൂന്ന് പേര് മരിച്ചു. വാഹനവുമായി വാദി മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ട് അപകടം ഉണ്ടായത്.
വാഹനത്തിൽ നിന്നും നാല് പേരെ നാട്ടുകാരുടെ കൂടി സഹായത്തോടെ ശനിയാഴ്ച വൈകീട്ട് രക്ഷപ്പെടുത്തിയിരുന്നു. മൂന്ന് പേർക്കായി തിരച്ചിൽ തുടരുന്നതിനിടെയാണ് ഞായറാഴ്ച രാവിലെയോടെ ഇവരെ മരിച്ച നിലയിൽ സമീപ പ്രദേശങ്ങളിൽ നിന്നും കണ്ടെത്തിയതെന്ന് സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് വിഭാഗം അറിയിച്ചു.
ഒമാന്റെ വിവിധ പ്രദേശങ്ങളിൽ ഇന്നും വേനൽ മഴ തുടർന്നുണ്ട്. മഴ സമയങ്ങളിലും വാദികൾ നിറഞ്ഞൊഴുകുമ്പോഴും വാദി മുറിച്ചുകടക്കരുതെന്ന് അധികൃതർ നിർദേശിച്ചു. നിയമം ലംഘിക്കുന്നവർക്ക് പിഴയും മൂന്ന് മാസം വരെ തടവും ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്. അധികൃതരുടെ സുരക്ഷാ നിർദേശങ്ങൾ പൂർണമായി പാലിക്കണമെന്നും സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് ആവശ്യപ്പെട്ടു.
Adjust Story Font
16