ഒമാനിൽ കാരണമില്ലാതെ വൈകിയാൽ വേതനത്തിന്റെ 75 ശതമാനം വരെ പിഴയായി ഈടാക്കും
25ഉം അതിൽ കൂടുതലും ജീവനക്കാരുള്ള സ്വകാര്യകമ്പനികൾക്കാണ് ഇത് നടപ്പിലാക്കാനാവുക
മസ്‌കത്ത്: കാരണിമില്ലാതെ വൈകിയെത്തിയാൽ ജീവനക്കാരന്റെ ശമ്പളം കുറക്കുന്നതടക്കമുള്ള പിഴ ചുമത്താൻ സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകി ഒമാൻ തൊഴിൽ മന്ത്രാലയം. അലസത, ജോലിക്കെത്താതിരിക്കൽ, തൊഴിൽ സ്ഥലത്തെ പെരുമാറ്റം തുടങ്ങിയവക്കും പിഴ ഈടാക്കാനാവും. പുതിയ മാർഗ്ഗ നിർദേശത്തിലാണ് മന്ത്രാലയം ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
25ഉം അതിൽ കൂടുതലും ജീവനക്കാരുള്ള സ്വകാര്യകമ്പനികൾക്കാണ് ഇത് നടപ്പിലാക്കാനാവുക. ഓരോന്നിനും പ്രത്യേക പിഴ ഘടന മാർഗനിർദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജോലി സ്ഥലത്ത് സ്ഥിരമായി വൈകി എത്തുന്നവരുടെ ശമ്പളം കുറക്കാൻ തൊഴിലുടമക്ക് അനുമതി നൽകുന്നണ്ട്. 15 മിനുറ്റ് വരെ താമസിച്ചെത്തിയാൽ ആദ്യ തവണ രേഖാമൂലമുള്ള മുന്നറിയിപ്പ് നൽകണം. മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ ദിവസ വേതനത്തിന്റെ അഞ്ചു മുതൽ 15 ശതമാനം വരെ പിടിക്കാം. 30 മിനിറ്റ് വരെ വൈകിയാൽ, വൈകൽ കാരണം തൊഴിലിൽ ചെറിയ തടസ്സമാണെങ്കിൽ 25 ശതമാനം വരെ വേതനം പിഴയായി പിടിക്കാം. എന്നാൽ തൊഴിലിൽ വലിയ തടസ്സം നേരിടുകയാണെങ്കിൽ പിഴ ദിവസ വേതനത്തിന്റെ 50 ശതമാനം വരെ ഉയർത്താനാവും.
ഒരുമണിക്കൂറിലേറെ വൈകുകയാണെങ്കിൽ ദിവസ വേതനത്തിന്റെ 75 ശതമാനം കട്ടാക്കാം. ജോലിയിലെ തടസ്സം ഇക്കാര്യത്തിൽ പരിഗണിക്കില്ല. അനുമതിയില്ലാതെ അവധിയെടുത്താൽ അവധി ദിവസത്തെ വേതനം നഷ്ടപ്പെടുന്നതിനൊപ്പം ദിവസ വേതനത്തിന്റെ 25 മുതൽ 50 ശതമാനം വരെ പിടിക്കാം. തൊഴിലാളികളുടെ സുരക്ഷക്കോ സാമഗ്രികളുടെ നാശത്തിനോ കാരണമാകുന്ന അശ്രദ്ധക്ക് ഒന്ന് മുതൽ അഞ്ച് ദിവസം വരെ സസ്പെൻഷൻ ലഭിക്കും.
ജോലി സമയത്ത് മദ്യം അല്ലെങ്കിൽ മയക്കുമരുന്ന് ഉപയോഗിച്ചാൽ നഷ്ടപരിഹാരം കൂടാതെ ഉടനടി പിരിച്ചുവിടാനും അനുമതിയുടണ്ട്. നിശ്ചിത സമയത്തിന് മുമ്പ് അനുമതിയില്ലാതെ പോകുകയാണെങ്കിൽ രേഖാമൂലമുള്ള മുന്നറിയിപ്പ് മുതൽ വേതനത്തിന്റെ 50 ശതമാനം വരെ പിടിക്കാം. അല്ലെങ്കിൽ ഒരു ദിവസത്തെ സസ്പെൻഷനും നൽകാം. നിശ്ചിത എക്സിറ്റിലൂടെയല്ലാതെ പുറത്ത് കടക്കലിന് ദിവസ വേതനത്തിന്റെ 25 ശതമാനം വരെ പിടിക്കാനും രണ്ട് ദിവസത്തെ സസ്പെൻഷൻ വരെ നൽകാനുമാവും.
Adjust Story Font
16