ഇൻകാസ് ഒമാൻ സെൻട്രൽ കമ്മിറ്റി സെക്രട്ടറി റെജി ഇടിക്കുള നാട്ടിൽ നിര്യാതനായി
രണ്ടു പതിറ്റാണ്ടിലേറെക്കാലം സാമൂഹ്യ സാംസ്‌കാരിക കലാ രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു

മസ്കത്ത് : ഇൻകാസ് ഒമാൻ സെൻട്രൽ കമ്മിറ്റി സെക്രട്ടറിയും ഒമാൻ പൊതു രംഗത്ത് നിറ സാന്നിധ്യവുമായിരുന്ന റെജി ഇടിക്കുള അടൂർ നാട്ടിൽ നിര്യാതനായി. രണ്ടു പതിറ്റാണ്ടിലേറെക്കാലം സാമൂഹ്യ സാംസ്‌കാരിക കലാ രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു. വാദി കബീറിലുള്ള മുസ്‌തഫ കമാൽ എന്ന സ്ഥാപനത്തിൽ ദീർഘ നാളായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം ചികിത്സാവശ്യാർഥം ഒരുമാസം മുമ്പാണ് നാട്ടിലേക്ക് പോയത്. ഭാര്യ: അനു ( നഴ്സ്, കൗല ഹോസ്പിറ്റൽ, ഒമാൻ). മക്കൾ: സെറിൽ റെജി (എൻജിനീയറിംഗ് വിദ്യാർഥി), മെറിൽ ആൻ റെജി (വിദ്യാർഥിനി, ഇന്ത്യൻ സ്കൂൾ വാദികബീർ). ഇൻകാസ് സംഘടനയുടെ തുടക്കകാലം മുതൽ നേതൃതലത്തിൽ പ്രവർത്തിച്ച അദ്ദേഹം പ്രവാസ ലോകത്തെ സാധാരണക്കാരായ തൊഴിലാളികളുടെ പ്രശ്നങ്ങളിൽ ഇടപെടുകയും തൊഴിൽത്തട്ടിപ്പിനിരയായ നിരവധിയാളുകളുടെ പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തിരുന്നു. ഇത്തരം തൊഴിലാളികളെ എംബസിയുടെയും സുമനസ്സുകളുടെയും സഹായ സഹകരണത്തോടെ സുരക്ഷിതമായി നാട്ടിൽ എത്തിക്കാനും മുൻപന്തിയിൽനിന്ന് പ്രവർത്തിച്ചിരുന്നു. ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളവിഭാഗം, അടൂർ പ്രവാസി അസോസിയേഷൻ തുടങ്ങി നിരവധി സംഘടനകളിൽ പ്രവർത്തിച്ചിരുന്ന റെജി ഇടിക്കുള നാട്ടിലെ സജീവ കോൺഗ്രസ്സ് പ്രവർത്തകൻ കൂടിയായിരുന്നു. പ്രവാസികളുടെ വാർത്തകൾക്ക് പ്രാമുഖ്യം കൊടുത്ത് പ്രവാസി ബുള്ളറ്റിൻ എന്ന സോഷ്യൽ മീഡിയ വാർത്ത ചാനലും നടത്തിയിരുന്നു. റെജി ഇടിക്കുളയുടെ നിര്യാണത്തിൽ വിവിധ പ്രവാസി സംഘടനകൾ അനുശോചിച്ചു.
Adjust Story Font
16