ഒമാനിൽനിന്നുള്ള എണ്ണ കയറ്റുമതിയിൽ വർധന
ഒമാനിൽനിന്ന് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നത് ചൈന
മസ്‌കത്ത്:ഒമാനിൽനിന്നുള്ള എണ്ണ കയറ്റുമതിയിൽ വർധന. സെപ്തംബർ അവസാനം വരെ ആകെ കയറ്റുമതി, 230.5 ദശലക്ഷം ബാരൽ കവിഞ്ഞതായി നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷന്റെ കണക്കുകളിൽ പറയുന്നു. ഒമാനിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ ചൈനയാണ് മുന്നിൽ.
നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നതനുസരിച്ച് 2024 സെപ്തംബർ അവസാനം വരെ ഒമാന്റെ എണ്ണ കയറ്റുമതിയുടെ ആകെ അളവ് 230.5 ദശലക്ഷം ബാരലാണ്. മൊത്തം എണ്ണ ഉത്പാദനം 272.4 ദശലക്ഷം ബാരൽ ആയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് മൊത്തം എണ്ണ കയറ്റുമതിയിൽ 0.1 ശതമാനം വർധനവാണ് കാണിക്കുന്നത്. അതേസമയം മൊത്തം അസംസ്‌കൃത എണ്ണ ഉത്പാദനം 6.7 ശതമാനം കുറഞ്ഞു, ശരാശരി പ്രതിദിന എണ്ണ ഉത്പാദനം 994,200 ബാരലിലെത്തിയിട്ടുണ്ട്.
2024ന്റെ ആദ്യ പകുതിയിൽ ഒമാന്റെ എണ്ണ കയറ്റുമതി 0.3 ശതമാനം വർധിച്ചിട്ടുണ്ട്. ഒമാനിൽനിന്ന് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് ചൈനയാണ്. മൊത്തം ഇറക്കുമതി ഏകദേശം 219.6 ദശലക്ഷം ബാരലായിരുന്നു, ഇത് 2023 സെപ്തംബറിനെ അപേക്ഷിച്ച് 4.5 ശതമാനത്തിന്റെ വർധനവാണ്. ജപ്പാൻ നാല് ദശലക്ഷം ബാരലുമായി രണ്ടാം സ്ഥാനത്തുണ്ട്. ദക്ഷിണ കൊറിയ 3.8 ദശലക്ഷം ബാരൽ ഒമാനിൽനിന്ന് ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള കയറ്റുമതി 26.3 ശതമാനം കുറഞ്ഞിട്ടുണ്ട്.
അതേസമയം, ഒമാന്റെ സാമ്പത്തിക വളർച്ച 2025ൽ 2.7 ശതമാനമായും 2026ൽ 3.2 ശതമാനമായും ഉയരുമെന്നാണ് ലോകബാങ്കിന്റെ പ്രവചനം, കാർഷിക, നിർമാണ പ്രവർത്തനങ്ങളിലെ പുനരുജ്ജീവനവും ദുക്മ് റിഫൈനറി പൂർണ ശേഷിയിലെത്തുമ്പോൾ എണ്ണ, വാതക ഉത്പാദനവും കുതിച്ചുയരും.
Adjust Story Font
16