Quantcast

ഇന്ത്യ- ഒമാൻ സംയുക്ത വ്യാപാര കരാർ; വ്യാപാര സാമ്പത്തിക മേഖലയിൽ വലിയ മാറ്റങ്ങൾ

ജിസിസി രാജ്യങ്ങളിൽ ഇന്ത്യയുടെ മൂന്നാമത്തെ വലിയ കയറ്റുമതി കേന്ദ്രമാണ് ഒമാൻ

MediaOne Logo

Web Desk

  • Published:

    28 Jan 2025 5:33 PM

India-Oman Joint Trade Agreement; Major changes in trade and finance
X

മസ്‌കത്ത്: ഇന്ത്യ- ഒമാൻ സംയുക്ത വ്യാപാര കരാർ ഒപ്പുവെക്കുന്നതോടെ ഇരുരാജ്യങ്ങളുടെയും വ്യാപാര സാമ്പത്തിക മേഖലയിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും. ഇറക്കുമതി തീരുവ ഒഴിവാക്കുന്നതോടെ ഇരുരാജ്യങ്ങളിലേക്കും കൂടുതൽ ഉത്പന്നങ്ങൾ കയറ്റി അയക്കാനും വ്യാപാരം ശക്തിപ്പെടുത്താനും അവസരമൊരുങ്ങും, ജി.സി.സി രാജ്യങ്ങളിൽ ഇന്ത്യയുടെ മൂന്നാമത്തെ വലിയ കയറ്റുമതി കേന്ദ്രമാണ് ഒമാൻ.

ഇന്ത്യയുടെ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ഒമാനിലെത്തിയതോടെയാണ് ഇന്ത്യ- ഒമാൻ സംയുക്ത വ്യാപാര കരാർ വീണ്ടും ചർച്ചായായത്. കരാർ നടപടികൾ അന്തിമഘട്ടത്തിലാണ്. ഇറക്കുമതിക്കും കയറ്റുമതിക്കുമുള്ള തടസ്സങ്ങൾ കുറക്കുന്നതായിരിക്കും സ്വതന്ത്ര വ്യാപാര കരാർ. ഇറക്കുമതി തീരുവ ഒഴിവാക്കുന്നതോടെ ഇരുരാജ്യങ്ങളിലേക്കും കൂടുതൽ ഉത്പന്നങ്ങൾ കയറ്റി അയക്കാനും വ്യാപാരം ശക്തിപ്പെടുത്താനും അവസരമൊരുങ്ങും. ഇതോടെ ഇന്ത്യയിൽ നിന്ന് മോട്ടോർ ഗ്യാസോലിൻ, ഇരുമ്പ്, ഉരുക്ക് ഉൽപന്നങ്ങൾ, ഇലക്ട്രോണിക്സ്, മെഷിനറി, തുണിത്തരങ്ങൾ, പ്ലാസ്റ്റിക്, എല്ലില്ലാത്ത മാംസം, അവശ്യ എണ്ണകൾ, മോട്ടോർ കാറുകൾ എന്നിവയുടെ കയറ്റുമതി ഒമാനിലേക്ക് വർധിക്കും. ഒമാനിൽ ഇവയ്ക്ക് നിലവിൽ അഞ്ച് ശതമാനം ഇറക്കുമതി തീരുവയാണ്.

ഒമാനിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയുടെ 16.5 ശതമാനം (ഏതാണ്ട് 800 മില്യൺ ഡോളർ) ഗോതമ്പ്, മരുന്നുകൾ, ബസുമതി അരി, ചായ, കാപ്പി, മത്സ്യം തുടങ്ങിയവയാണ്. ഈ ഇനങ്ങളെ നേരത്തേ തന്നെ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കരാർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഔപചാരിക പ്രാരംഭ യോഗം 2023 നവംബർ 20നാണ് ചേർന്നത്. തുടർന്ന് നവംബർ 27 മുതൽ 29 വരെ ന്യൂഡൽഹിയിൽ ആദ്യ റൗണ്ട് ചർച്ചകളും നടന്നു. 2023ൽ സുൽത്താന്റെ ഇന്ത്യാ സന്ദർശനത്തോടെയാണ് കരാറിന് കൂടുതൽ ഗതിവേഗം പകർന്നത്.

TAGS :

Next Story