ഗസ്സയിലെ ഇസ്രായേൽ ആക്രമണം: ഇറാനും ജപ്പാനുമായി സംസാരിച്ച് ഒമാൻ
സാധാരണക്കാരായ ആളുകളുടെ മരണം, ആശുപത്രികളും സ്കൂളുകളും ഉൾപ്പെടെയുള്ള പൊതു സൗകര്യങ്ങളുടെ നാശം എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മന്ത്രിമാർ കൈമാറി.
മസ്കത്ത്: ഗസ്സയിലെ ഇസ്രായേൽ ആക്രമണവുമായി ബന്ധപ്പെട്ട് ഒമാൻ വിദേശകാര്യ മന്ത്രി ഇറാൻ, ജപ്പാൻ വിദേശകാര്യ മന്ത്രിമാരുമായി ഫോണിൽ സംസാരിച്ചു. സാധാരണക്കാരായ ആളുകളുടെ മരണം, ആശുപത്രികളും സ്കൂളുകളും ഉൾപ്പെടെയുള്ള പൊതു സൗകര്യങ്ങളുടെ നാശം എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മന്ത്രിമാർ കൈമാറി.
ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും ഇറാൻ വിദേശകാര്യ മന്ത്രി ഡോ. ഹുസൈൻ അമീർ അബ്ദുല്ലാഹിയാനിയും ഫോണിൽ സംസാരിച്ചു.
പരിക്കേറ്റവരെ ചികിത്സിക്കുന്നതിനും ജനങ്ങൾക്ക് അടിയന്തര ജീവിത സാമഗ്രികൾ എത്തിക്കുന്നതിനും സുപ്രധാന സൗകര്യങ്ങൾ നൽകുന്നതിമുള്ള ചുമതലകൾ നിർവഹിക്കാൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾ അനുവദിക്കണെമന്നും ഇരുമന്ത്രിമാരും ആവശ്യപ്പെട്ടു. ഗസ്സയിലെ നിലവിലെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയും ജപ്പാൻ വിദേശകാര്യ മന്ത്രി യോക്കോ കാമികാവയുമായും ഫോണിൽ സംസാരിച്ചു.
മാനുഷിക ആവശ്യങ്ങൾ നിറവേറ്റുന്നതിനും കൂടുതൽ സിവിലിയൻ മരണങ്ങൾ തടയുന്നതിനും ഗസ്സയിൽ അടിയന്തര കരാർ ഉണ്ടാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇരുവരും പറഞ്ഞു. ദ്വിരാഷ്ട്ര പരിഹാരം, അന്താരാഷ്ട്ര നിയമങ്ങൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ഫലസ്തീൻ പ്രശ്‌നത്തിന് അന്തിമവും ശാശ്വതവുമായ പരിഹാരം കണ്ടെത്തുന്നതിനെകുറിച്ച് ഇരുവരും അടിവരയിട്ട് പറഞ്ഞു.
Adjust Story Font
16