ഇറ്റാലിയൻ കപ്പൽ അമേരിഗോ വെസ്പുചി ഒമാൻ തീരത്തെത്തി
നാളെ മുതൽ മൂന്ന് ദിവസം പൊതു ജനങ്ങൾക്ക് കപ്പൽ സന്ദർശിക്കാം
മസ്‌കത്ത്: ലോകപര്യാടനത്തിന്റെ ഭാഗമായി ഇറ്റാലിയൻ കപ്പൽ അമേരിഗോ വെസ്പുചി ഒമാൻ തീരത്തെത്തി, നാളെ മുതൽ മൂന്ന് ദിവസം പൊതു ജനങ്ങൾക്ക് കപ്പൽ സന്ദർശിക്കാം. ഇതിനായി മുൻകൂട്ടി കപ്പലിന്റെ രജിസ്റ്റർ ചെയ്യണം. കപ്പൽ 12 വരെ ഖാബൂസ് തുറമുഖത്ത് തുടരും.
രാവിലെ 7.30നാണ് ഒമാൻ ഓളപ്പരപ്പിൽ അമേരിഗോ വെസ്പുചി ചുംബിച്ചത്. ഒമാൻ പോർട്ട് അധികൃതർ വാട്ടർ സല്യൂട്ടിലൂടെ ഗംഭീര സ്വീകരണം നൽകി. എട്ട് മണിയോടെ മത്രയിലെ സുൽത്താൻ ഖാബൂസ് തുറമുഖത്തെ ആറാം ബെർത്തിൽ കപ്പൽ നങ്കൂരമിട്ടു. തുടർന്ന് ഒമാൻ നേവിയുടെ ബാൻഡ് വാദ്യവും പരമ്പരാഗത നൃത്തവുമായി കപ്പലിനെ ഔദ്യോഗികമായി സുൽത്താനേറ്റിന്റെ മണ്ണിലേക്ക് സ്വാഗതം ചെയ്തു.
കപ്പലിനെ സ്വീകരിക്കാനായി ഒമാനിലെ ഇറ്റാലിയൻ അംബാസഡർ പിയർലൂജി ഡി എലിയയും പ്രാദേശിക ഭരണകൂടവും സൈനിക ഉദ്യോഗസ്ഥരും എത്തിയിരുന്നു. 12 വരെ ഖാബൂസ് തുറമുഖത്ത് തുടരുന്ന കപ്പൽ നാളെ മുതൽ മൂന്ന് ദിവസം പൊതുജനങ്ങൾക്ക് സന്ദർശിക്കാം. എന്നാൽ ഇതിനായി വെബ് സൈറ്റിൽ നേരത്തെ ബുക്ക് ചെയ്യണം. തൊണ്ണൂറു വർഷത്തിലേറെ പാരമ്പര്യമുള്ള നാവിക കപ്പലാണ് അമേരിഗോ വെസ്പുച്ചി. ഇറ്റലിയുടെ ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന ചിഹ്നങ്ങളിൽ ഒന്നാണിത്. 2023 ജൂലൈ ഒന്നിന് ജെനോവ തുറമുഖത്ത്‌നിന്നാണ് കപ്പൽ പുറപ്പെട്ടത്. ഇറ്റലിയുടെ സംസ്‌കാരം, ചരിത്രം, നവീകരണം, ശാസ്ത്രം, ഗവേഷണം, സാങ്കേതികവിദ്യ എന്നിവ ഇതിനോടൊപ്പം പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
Adjust Story Font
16