ജോർദാൻ സന്ദർശനം: ഒമാൻ സുൽത്താൻ തിരിച്ചെത്തി
സുൽത്താന്റെ ജോർദാൻ സന്ദർശനത്തിന്റെ ഭാഗമായി ഇതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചു
ഒമാൻ സുൽത്താൻ
മസ്‌കത്ത്: വിവിധ മേഖലകളിൽ ബന്ധങ്ങൾ വിപുലപ്പെടുത്തിയും സഹകരണങ്ങൾ ശക്തിപ്പെടുത്തിയും രണ്ട് ദിവസത്തെ ജോർഡൻ സന്ദർശനം പൂർത്തിയാക്കി സുൽത്താൻ ഹൈതം ബിൻ താരിഖ് ഒമാനിൽ തിരിച്ചെത്തി. ഒമാൻ ഭരണാധികാരിയുടെ ജോർദാൻ സന്ദർശനത്തിന്റെ ഭാഗമായി രാഷ്ട്ര നേതാക്കൾ പരസ്പരം ആദരവുകൾ കൈമാറി. സന്ദർശന വേളയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനുമായി ഒമാൻ സുൽത്താൻ ചർച്ചകൾ നടത്തി. ഫലസ്തീനിലെ സ്ഥിതി ഉൾപ്പെടെയുള്ള പ്രധാന പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്തു. വിവിധ മേഖലകളിൽ സംയുകത നിക്ഷേപ അവസരങ്ങൾ വർധിപ്പിക്കാനും തീരുമാനിച്ചു.
സുൽത്താന്റെ ജോർദാൻ സന്ദർശനത്തിന്റെ ഭാഗമായി ഇതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. വിവരസാങ്കേതികവിദ്യ, വാർത്താവിനിമയം, ഭക്ഷണം, കൃഷി, മരുന്നുകൾ, മെഡിക്കൽ, സപ്ലൈസ്, ഊർജം, ഖനനം, ടൂറിസം, ലോജിസ്റ്റിക്‌സ് സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ സംയുക്ത നിക്ഷേപ അവസരങ്ങൾ വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ധാരണയിലത്തിയിരിക്കുന്നത്.
സന്ദർശനത്തിന്റെ ഭാഗമായി ഒമാനു ജോർദാനും സംയുക്ത പ്രസ്താവനയിറക്കി. ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച കരാറുകൾ, ധാരണാപത്രങ്ങൾ, എക്‌സിക്യൂട്ടീവ് പ്രോഗ്രാമുകൾ എന്നിവയുടെ നടപ്പാക്കലുമായി മുന്നോട്ടുപോകുന്നതിനു പുറമേ, വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം വികസിപ്പിക്കുന്നത് തുടരേണ്ടത്തിന്റെ പ്രാധാന്യവും ഇരു നേതാക്കളും സംയുക്ത പ്രസ്താവനയിൽ ഉന്നിപ്പറഞ്ഞു. ഫലസ്തീൻ ജനതയുടെ എല്ലാ നിയമാനുസൃതമായ അവകാശങ്ങളും നിറവേറ്റുന്ന ന്യായമായ പരിഹാരത്തിൽ എത്തിച്ചേരേണ്ടതിന്റെ ആവശ്യകത രണ്ട് നേതാക്കളും ആവർത്തിച്ച് പറഞ്ഞു.
Adjust Story Font
16