‘ഖരീഫ് ദോഫാര്‍’ ജുലൈ 15 മുതല്‍
ഖരീഫ് സീസണിനോടനുബന്ധിച്ച് ദോഫാർ മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികൾ ഈ വര്‍ഷം ‘ഖരീഫ് ദോഫാര്‍’ എന്നാണ് അറിയപ്പെടുക.
ഈ വര്‍ഷത്തെ ആഘോഷ പരിപാടികള്‍ ജൂലൈ പതിനഞ്ച് മുതല്‍ ആഗസ്റ്റ് മുപ്പത്തിയൊന്ന് വരെ നടക്കും. ദോഫാർ മുനിസിപ്പാലിറ്റി ചെയർമാനും ഖരീഫ് 2023 ന്റെ ചെയർമാനുമായ ഡോ. അഹമ്മദ് ബിൻ മുഹ്‌സിൻ അൽ ഗസാനി, മുനിസിപ്പാലിറ്റിയിലെ ഇവന്റ്‌സ് ആൻഡ് അവേർനെസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ അമ്മാർ ബിൻ ഉബൈദ് ഗവാസ് എന്നിവർ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഈ വർഷത്തെ ഖരീഫ് സീസണിലെ പരിപാടികളെ കുറിച്ച് വിശദീകരിച്ചത്.
ദോഫാർ മുനിസിപ്പാലിറ്റിയിലെ വിവിധ വകുപ്പുകളിലെ ജനറൽ മാനേജർമാർ, വിവിധ മാധ്യമ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ വർഷത്തെപോലെ ഗവർണറേറ്റിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകകരിച്ചാണ് കല-സാംസ്കാരിക പരിപാടികൾ നടക്കുക.
സാഹസികത, സംസ്കാരം, ഷോപ്പിങ്, വിനോദം, കായികം, സാംസ്കാരിക ഘടകങ്ങൾ എന്നിവയുൾപ്പെടെ മനോഹരമായ പ്രകൃതിയും ആസ്വദിക്കാനുമുള്ള അവസരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇൗ വർഷത്തെ പരിപാടിയിൽ അൽ ഹഫ ഏരിയയിലെ ഇവന്റുകളും ഉൾപ്പെടുന്നുണ്ട്.
നഗരം, ഗ്രാമം, സമുദ്രം, നാടോടി, കാർഷികം എന്നിങ്ങനെയുള്ള ദോഫാറിന്റെ അഞ്ച് ഘടകങ്ങളിലായിരിക്കും ഇവിടെ പരിപാടികൾ പ്രദർശിപ്പിക്കുക. ഒമാനി ഭക്ഷണത്തിനുള്ള റസ്റ്ററന്റുകൾ, വിവിധ പൈതൃക വിപണികൾ, കരകൗശല ഉൽപന്നങ്ങൾ, തത്സമയ പ്രകടനങ്ങൾ തുടങ്ങിയവയും ഉണ്ടായിരിക്കുമെന്ന് ഡോ. അഹമ്മദ് അൽ ഗസാനി പറഞ്ഞു.
ലൈറ്റിങ്, ലേസർ ഷോകൾ, ഡ്രോൺ ഷോകൾ, ഷോപ്പിങ് പ്രവർത്തനങ്ങൾ, ഇലക്ട്രിക് ഗെയിമുകൾ, ടെസ്ലെങ്കോ ഫാമിലി സർക്കസ്, വിവിധ റസ്റ്ററന്റുകൾ, കഫേകൾ എന്നിവയാണ് ഇത്തീൻ സ്ക്വയറിൽ നടക്കുന്ന പരിപാടികളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഔഖദ് പാർക്കിൽ കുട്ടിൾക്കായി ഒരുക്കിയിരുന്ന ഇവന്‍റിൽ സ്മർഫ്സ് വില്ലേജ്, മാഷ ആൻഡ് ബിയർ വില്ലേജ്, പാണ്ട വില്ലേജ് എന്നിവക്കൊപ്പം ഇന്ററാക്ടീവ് ഗെയിമുകൾ, കാൻഡി മ്യൂസിയം (നൈന), സ്കേറ്റിംഗ് റിങ്, ഐസ്, എയർ ഗെയിമുകൾ, ആലിസ് ഇൻ വണ്ടർലാൻഡ് ഇവന്റുകൾ, ആനിമേറ്റഡ് ഗ്ലോബൽ ഇവന്റുകൾ എന്നിവയും ഉണ്ടായിരിക്കും.
Adjust Story Font
16