കഴിഞ്ഞ വര്‍ഷം ഒമാനില്‍ പിടികൂടിയത് 21 ടണ്‍ മയക്ക് മരുന്നും രണ്ട് ദശലക്ഷം ലഹരി ഗുളികകളും
കഴിഞ്ഞ വര്‍ഷം ഒമാനില്‍ 21 ടണ്‍ മയക്ക് മരുന്നുകളും രണ്ട് ദശലക്ഷം ലഹരി ഗുളികളും പിടിക്കൂടിയതായി കണക്കുകള്‍. മയക്ക് മരുന്ന് കടത്ത് തടയാനായി വലിയ ശ്രമങ്ങള്‍ നടത്തുന്ന റോയല്‍ ഒമാന്‍ പൊലീസാണ് കണക്കുകള്‍ പുറത്തുവിട്ടത്.
ഒമാനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്ന കള്ളക്കടത്തുകാര്‍ രാജ്യത്ത് നിയമപാലകരെ കബളിപ്പിക്കാന്‍ പുതിയ രീതികളാണ് സ്വീകരിച്ച് വരുന്നത്. ബോട്ടുകളിലും മറ്റും എത്തുന്ന സംഘം അധികൃതരുടെ കണ്ണ് വെട്ടിച്ച് തീരത്തെത്തുകയാണെങ്കില്‍ മയക്ക് മരുന്ന് മണലില്‍ പൂഴ്ത്തിവെക്കുയാണ് ചെയ്യുന്നത്.
ചിലപ്പോള്‍ നിര്‍മാണ സാമഗ്രികള്‍, ഭക്ഷണസാധനങ്ങള്‍ തുടങ്ങിയവയില്‍ ഒളിപ്പിച്ച് വയ്ക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഉദ്യോഗസ്ഥരുടെ ജാഗ്രതകാരണമാണ് ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താനും തടയാനും സാധിക്കുന്നതെന്ന് ഡ്രഗ്സ് വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണല്‍ സുലൈമാന്‍ ബിന്‍ സെയ്ഫ് അല്‍ തംതാമി പറഞ്ഞു.
ലഹരിക്കടത്ത് തടയുന്നതിനായി വലിയരീതിയില്‍ തന്നെ ജനങ്ങളുടെ പങ്കാളിത്തവും ലഭിച്ച് കൊണ്ടിരിക്കുന്നുണ്ട്. മയക്കുമരുന്ന് കടത്തുന്നവര്‍ക്കും അന്താരാഷ്ട്ര ക്രിമിനല്‍ സംഘങ്ങളുമായി സഹകരിച്ച് ഇത്തരം കുറ്റകൃത്യങ്ങളുടെ ഭാഗമാകുന്നവര്‍ക്കും കര്‍ശനമായ ശിക്ഷാ നടപടികളാണ് ഒമാനില്‍ നിലനില്‍ക്കുന്നത്.
Adjust Story Font
16