Quantcast

സലാലയിലെ സ്‌കൂളിനും വിദ്യാഭ്യാസ പ്രവർത്തകർക്കും മീഡിയവണ്ണിന്റെ ആദരം

മബ്‌റുഖ് ഗൾഫ് ടോപേഴ്‌സ് വേദിയിലാണ് ഉപഹാരം നൽകിയത്

MediaOne Logo

Web Desk

  • Updated:

    2024-10-15 11:48:00.0

Published:

15 Oct 2024 9:58 AM GMT

സലാലയിലെ സ്‌കൂളിനും വിദ്യാഭ്യാസ പ്രവർത്തകർക്കും മീഡിയവണ്ണിന്റെ ആദരം
X

സലാല: വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനകളെ മുൻ നിർത്തി സലാല ഇന്ത്യൻ സ്‌കുളിനെയും, സലാലയിലെ മൂന്ന് വിദ്യാഭ്യാസ പ്രവർത്തകരെയും മീഡിയ വൺ ആദരിച്ചു. മബ്‌റൂക് ഗൾഫ് ടോപേഴ്‌സ് വേദിയിലായിരുന്നു ആദരം. ഇരുപതിലധികം രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞ 40 വർഷത്തിലധികമായി വിജ്ഞാനത്തിന്റെ വെളിച്ചം പകർന്ന് നൽകുന്ന സലാലയിലെ ഏക അംഗീക്യത കമ്മ്യൂണിറ്റി വിദ്യാഭ്യാസ സ്ഥാപനമാണ് ഇന്ത്യൻ സ്‌കൂൾ സലാല. 1981ൽ കുറഞ്ഞ വിദ്യാർത്ഥികളുമായി തുടങ്ങിയ സ്ഥാപനത്തിൽ, ഇന്ന് 4300ലധികം വിദ്യാർത്ഥികളാണ് പഠിക്കുന്നത്.

പത്തിലും പന്ത്രണ്ടിലുമായി ഓരോ വർഷവും 400ഓളം കുട്ടികൾ ഇവിടെ നിന്ന് പഠിച്ചിറങ്ങുന്നു. പ്രഗൽഭരായ വ്യക്തികളാണ് ഓരോ ടേമിലും സ്‌കൂൾ പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകിയിട്ടുള്ളത്. അതുപോലെ കഴിവുറ്റ അധ്യാപകരും,അഡ്മിൻ ടീമുമാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ ഗുണ നിലവാരം നിലനിർത്താനും നാബറ്റിന്റെ അംഗീകാരം നേടിയെടുക്കാനും സ്‌കൂളിന് കഴിഞ്ഞിരുന്നു. ഒറ്റപ്പെട്ട വിമർശനങ്ങൾ ഒഴിച്ച് നിർത്തിയാൽ സലാലയിൽ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ അഭിമാന സ്ഥാപനമായി മാറാൻ ഇന്ത്യൻ സ്‌കൂൾ സലാലക്ക് കഴിഞ്ഞിട്ടുണ്ട്. ഇതെല്ലാം മുൻ നിർത്തിയാണ് സ്‌കൂളിനെ ചടങ്ങിൽ മൊമന്റോ നൽകി ആദരിച്ചത്. മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് ഡോ: അബൂബക്കർ സിദ്ദീഖും, പ്രിൻസിപ്പൽ ദീപക് പഠാങ്കറും ചേർന്നാണ് മൊമന്റോ ഏറ്റു വാങ്ങിയത്.

വിദ്യാഭ്യാസ മേഖലയിൽ തങ്ങളുടേതായ സംഭാവനകൾ നിർവ്വഹിച്ച മൂന്ന് ഇന്ത്യക്കാരെയും ചടങ്ങിൽ ആദരിച്ചു. ദോഫാർ യൂണിവേഴ്‌സിറ്റി ഡെപ്യൂട്ടി വൈസ് ചാൻസലർ ഡോ; സയ്യിദ് ഇഹ്‌സാൻ ജമീലാണ് ആദ്യത്തെ വ്യക്തി. ഈ സീറ്റിലെത്തുന്ന ആദ്യത്തെ ഇന്ത്യക്കാരനാണിദ്ദേഹം. യു.പിയിലെ ലക്‌നോ സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ ഒരു വ്യാഴവട്ടമായി സലാലയിലുണ്ട്. മന്ത്രാലയത്തിന്റെ പല നയരൂപീകരണ ബോഡികളിലും ഇദ്ദേഹം അംഗമാണ്. ഇവിടെ ഉന്നത മേഖലകളിൽ ജോലി ചെയ്യുന്ന പല സ്വദേശികളുടെയും പ്രിയ ഗുരുവാണ് ഡോ:ജമീൽ. ഇന്ത്യൻ സ്‌കൂൾ സലാല മാനേജിംഗ് കമ്മിറ്റി പ്രസിഡന്റുമായിരുന്നു. വിവിധ ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റികളിൽ ഇദ്ദേഹം പ്രഭാഷണം നിർവ്വഹിച്ച് വരുന്നു. വിവിധ എൻ.ജി.ഒകളുമായി സഹകരിക്കുന്ന ഇദ്ദേഹം സാമൂഹ്യ പ്രവർത്തന രംഗത്തും സജീവമാണ്. മീഡിയ വൺ സി.ഇ.ഒ റോഷൻ കക്കാട്ടാണ് ഇദ്ദേഹത്തിനുള്ള മീഡിയ വൺ ഉപഹാരം നൽകിയത്.

വിദ്യാഭ്യാസ വിചിക്ഷണനായ ഡോ: വി.എസ്.സുനിലാണ് അവാർഡിന് അർഹനായ മറ്റൊരാൾ. അഡ്മിനിസ്‌ട്രേഷനിൽ പി.എച്ച്.ഡിയും,എം,ബി.എയുമുള്ള സുനിൽ നിരവധി മാസ്റ്റർ ഡിഗ്രികളുമുള്ള ഒമാനിലെ തന്നെ ഏറ്റവും ക്വാളിഫൈഡായ പ്രവാസികളിലൊരാളാണ്. സലാലയിലെ പ്രമുഖ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമായ ബിർള വേൾഡ് സ്‌കൂൾ ഇദ്ദേഹം മുൻ കൈയ്യെടുത്താണ് സ്ഥാപിച്ചത്. ദീർഘകാലം ഇന്ത്യൻ സ്‌കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റായിരുന്നു. സെന്റർ ഫോർ ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ഇന്ത്യ സലാല ചാപ്റ്റർ പ്രസിഡന്റായിരുന്നു. വിവിധ ഉന്നത സ്ഥാപനങ്ങളുടെ ലീഡർ ഷിപ്പിൽ സേവനം ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ആവശ്യമായ ഗൈഡൻസ് നൽകുന്നതിൽ എപ്പോഴും സേവന സന്നദ്ധനായ ഇദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാകും. ഡോ; സുനിലിന് മീഡിയ വൺ സി.ഇ.ഒ റോഷൻ കക്കട്ടാണ് ഉപഹാരം നൽകിയത്

ആദരിക്കപ്പെട്ട മറ്റൊരാൾ കോഴിക്കോട് കാപ്പാട് സ്വദേശിയായ ഹുസൈൻ കാച്ചിലോടിയാണ് . പതിറ്റാണ്ടുകളായി സലാലയിലെ സമാന്തര വിദ്യാഭ്യാസ മേഖലയിലെ സംഘാടകനാണിദ്ദേഹം. മുഖ്യധാരയിൽ പണം കൊടുത്ത് പഠിക്കാൻ സാധ്യമല്ലാത്തവർക്ക് വിദ്യാഭ്യാസം പകർന്ന് നൽകുകയായിരുന്നു ഇദ്ദേഹം. വിദ്യാഭ്യാസം നിന്നു പോകുമായിരുന്ന പലർക്കും ഫീസൊന്നും വാങ്ങാതെ തന്നെ ഹുസൈൻ മാസ്റ്റർ അറിവ് പകർന്ന് നൽകുകയായിരുന്നു. ഇഖ്‌റഅ് അക്കാദമിയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ൾടറുമായ ഹുസൈൻ മാസ്റ്റർ. കെ.എം.സി.സി , സിജി, കെ.എസ്.കെ തുടങ്ങിയ സാമൂഹിക മേഖലയിലും മുൻ നിരയിലുള്ളയാളാണ്. മീഡിയ വൺ ഉപഹാരം സി.ഇ.ഒ കൈമാറി. ചടങ്ങിൽ ജി.സി.സി ജനറൽ മാനേജർ സവാബ് അലി, ബിസിനസ് സൊല്യൂഷൻസ് ഹെഡ് ഷഫ്‌നാസ് അനസ് എന്നിവരും സംബന്ധിച്ചു

TAGS :

Next Story