Quantcast

മീഡിയവൺ വിലക്കിനെതിരെ ഐക്യദാർഢ്യവുമായി ഒമാനിലെ പ്രവാസി സമൂഹം

ഇത് കേവലം മീഡിയവണിന് വേണ്ടിയുള്ള പോരാട്ടമല്ലെന്നും ഇന്ത്യയുടെ ജനാധിപത്യത്തെയും ഭരണഘടനപരമായ അവകാശങ്ങളെയും സംരക്ഷിക്കാനുള്ളതാണെന്നും സംഗമത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    19 Feb 2022 4:21 PM GMT

മീഡിയവൺ വിലക്കിനെതിരെ ഐക്യദാർഢ്യവുമായി ഒമാനിലെ പ്രവാസി സമൂഹം
X

ഇന്ത്യൻ ജനാധിപത്യം ഉറപ്പ് നൽകുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയും സത്യം തുറന്ന് പറയുന്നവരുടെ നാവിന് കൂച്ചുവിലങ്ങിടുകയും ചെയ്യുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ പ്രതിഷേധവുമായി പ്രവാസി സമൂഹം. മീഡിയവൺ വിലക്കിനെതിരെ 'മീഡിയൺ വ്യൂവോഴ്‌സ് ഫോറം' ഒമാൻ ഓൺലൈനിലൂടെ സംഘടിപ്പിച്ച 'ഒപ്പമുണ്ട് പ്രവാസ ലോകം' ഐക്യദാർഢ്യ സംഗമത്തിലാണ് പ്രവാസി സമൂഹം പ്രതിഷേധം പങ്കുവെച്ചത്. ഇത് കേവലം മീഡിയവണിന് വേണ്ടിയുള്ള പോരാട്ടമല്ലെന്നും ഇന്ത്യയുടെ ജനാധിപത്യത്തെയും ഭരണഘടനപരമായ അവകാശങ്ങളെയും സംരക്ഷിക്കാനുള്ളതാണെന്നും സംഗമത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

ഭരണകൂടം തന്നെ ദേശമായി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്ന് മീഡിയവൺ മിഡിലീസ്റ്റ് എഡിറ്റോറിയൽ ഹെഡ് എം.സി.എ നാസർ പറഞ്ഞു. തങ്ങൾക്ക് ദാസ്യപണിയെടുക്കുന്നവരെ തലോടുകയും എതിർക്കുന്നവരുടെ വായമൂടികെട്ടുകയും ചെയ്യുന്ന പ്രവൃത്തിയാണ് രാജ്യത്ത് നടന്ന് കൊണ്ടിരിക്കുന്നത്. മാധ്യമ സ്വാതന്ത്ര്യവും ഭരണഘടനാപരമായ അവകാശങ്ങളും സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തിൽ എല്ലാരും പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു.സീൽവെച്ച കവറിലൂടെ ഇല്ലാതാക്കിയ ജനാധിപത്യ അവകാശങ്ങളെ തിരിച്ച് പിടിക്കാനുള്ള വലിയ പോരാട്ടമാണ് മീഡിയവൺ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മീഡിയവൺ സീനിയർ ന്യൂസ് എഡിറ്റർ എസ്.എ അജിംസ് പറഞ്ഞു.അന്തിമ വിജയം മീഡിയവണിനായിരിക്കുമെന്നും അതുവരെ പേരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

തങ്ങൾക്ക് ഇഷ്ടമല്ലാത്തത് പറയുന്ന മാധ്യമ സ്ഥാപനങ്ങളെയും പ്രവർത്തകരെയും അടിച്ചമർത്താനുള്ള ഭരണ കൂടത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ചാനൽ വിലക്കെന്ന് മസ്‌കത്ത് ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് കബീർ യൂസുഫ് അഭിപ്രായപ്പെട്ടു. അറിയാനുള്ള അവകാശത്തെ അടിച്ചമർത്തുന്നത് നീതികരിക്കാനാവില്ലെന്ന് ഒ.ഐ.സി.സി ഗ്ലേബൽ ചെയർമാൻ ശങ്കരപിള്ള കുമ്പളത്ത് പറഞ്ഞു. മീഡിയവണിനെ വിലക്കിയത് എന്തിനാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. ജനാധ്യപത്യത്തിലെ കാതലായ വശങ്ങളിൽപ്പെട്ട അറിയാനുള്ള അവകാശത്തെയാണ് ഇതിലൂടെ ലംഘിക്കപ്പെട്ടിരിക്കുന്നതെന്ന് മസ്‌കത്ത് കെ.എം.സി.സി പ്രസിഡൻറ് റയീസ് അഹമ്മദ് പറഞ്ഞു. ഒ.ഐ.സി.സി ഒമാൻ നാഷണൽ അഡ്‌ഹോക് കമ്മിറ്റി കോർഡിനേറ്റർ സജി ഔസേപ്, മസ്‌കത്ത് ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിങ് മുൻ കൺവീനറും സയൻസ് ഇന്ത്യ ഫോറം ഒമാന്റെ വൈസ് ചേയർമാനുമായ ഭാസ്‌കരൻ നായർ, പ്രവാസി വെൽഫെയർ ഒമാൻ വൈസ് പ്രസിഡൻറ് അബ്ദുൽ അസീസ് വയനാട്, ഹസൻ കീച്ചേരി (സോഷ്യൽ വെൽഫെയർ ഫോറം), ഇൻറർ നാഷണൽ ഗാന്ധിയൻ തോട്‌സ് ചെയർമാൻ എൻ.ഒ. ഉമ്മൻ, സീദ്ദീഖ് ഹസ്സൻ (ഒ.ഐ.സി.സി) തുടങ്ങിയവർ സംസാരിച്ചു. ഒമാനിലെ സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ നിരവധിപേർ സംഗമത്തിൽ പങ്കാളികളായി. മാധ്യമ പ്രവർത്തക ഹുസ്‌ന റസാഖ് അവതാരകയായി.


TAGS :

Next Story