'മെട്രോപ്പൊളിറ്റൻസ് എറണാകുളം' ലോഗോ ഹരിശ്രീ അശോകൻ പ്രകാശനം ചെയ്തു
ഒമാനിൽ പ്രവാസ ജീവിതം നയിക്കുന്ന എറണാകുളം നിവാസികളുടെ കൂട്ടായ്മയാണ് 'മെട്രോപ്പൊളിറ്റൻസ് എറണാകുളം
മസ്‌കത്ത്: ഒമാനിൽ പ്രവാസ ജീവിതം നയിക്കുന്ന എറണാകുളം നിവാസികളുടെ കൂട്ടായ്മയായ 'മെട്രോപ്പൊളിറ്റൻസ് എറണാകുളത്തിന്റെ' ഗ്രാന്റ് ലോഞ്ചും കലാപരിപാടികളും റൂവി അൽ ഫലാജ് ഗ്രാന്റ് ഹാളിൽ നടന്നു. സിനിമാ താരം ഹരിശ്രീ അശോകൻ മുഖ്യാതിഥിയായിരുന്നു. പ്രവാസ ലോകത്ത് ഇത്തരം കൂട്ടായ്മകളിൽ ചേർന്ന് നിൽക്കുമ്പോൾ പരസ്പരം സ്നേഹവും ധൈര്യവും കൈമാറ്റം ചെയ്യപ്പെടുമെന്നും ഇതുവഴി ഒരുപാട് നൻമകൾ ചെയ്യാൻ നമുക്ക് സാധിക്കുമെന്നും ഹരിശ്രീ അശോകൻ പറഞ്ഞു. മാത്രമല്ല, സമ്മർദങ്ങളെ തരണം ചെയ്യാനും പ്രലോഭനങ്ങളെ ചെറുക്കാനും സഹോരങ്ങൾക്കൊപ്പമുള്ള സഹവാസം ഗുണം ചെയ്യും. ഒരേ ദേശക്കാരാകുമ്പോൾ കൂട്ടായ്മകൾ ഏറെ മധുരമുള്ളതാകുമെന്നും അദ്ദേഹം പറഞ്ഞു. മെന്റലിസ്റ്റ് ഫാസിൽ ബഷീർ അവതരിപ്പിച്ച മെന്റലിസം ഷോ 'ട്രിക്സ്മാനിയ' പ്രേക്ഷകർക്ക് ആകാംക്ഷയുടെയും അമ്പരപ്പിന്റെയും അവിശ്വസനീയമായ നിമിഷങ്ങൾ സമ്മാനിച്ചു. സുധീർ പറവൂർ പാരഡി ഗാനങ്ങളിലൂടെ കാണികളെ രസിപ്പിച്ചു.
ജനറൽ സെക്രട്ടറി ചന്ദ്രശേഖരൻ സ്വാഗതം ആശംസിച്ചു. സംഘടനയുടെ രൂപീകരണത്തെ കുറിച്ചും പ്രാരംഭ പ്രവർത്തനങ്ങളെ കുറിച്ചും സംസാരിച്ചു. പ്രസിഡന്റ് സിദ്ദീഖ് ഹസൻ 'മെട്രോപൊളിറ്റൻസ് എറണാകുളം' എന്ന സംഘടനയെക്കുറിച്ചും ലക്ഷ്യങ്ങളെയും തുടർ പരിപാടികളെയും കുറിച്ചും വിശദീകരിച്ചു. ഒമാനിലെ ആതുരസേവനരംഗത്ത് ദീർഘനാളായി സേവനം ചെയ്യുന്ന ഡോ. രഞ്ജി മാത്യു വിശിഷ്ടാതിഥിയായിരുന്നു. സംഘടനയുടെ രക്ഷാധികാരികളായ സുരേഷ് ബി നായർ, സി.എം സിദാർ, സെക്രട്ടറി സംഗീത സുരേഷ്, പ്രോഗ്രാം കോർഡിനേറ്റർ ഫസൽ എടവനക്കാട് എന്നിവരും സംബന്ധിച്ചു. ഹരിശ്രീ അശോകന് സംഘടനയുടെ ഉപഹാരം പ്രസിഡന്റ് സിദ്ദിഖ് ഹസൻ സമ്മാനിച്ചു. ഡോ. രഞ്ജി മാത്യു, പ്രായോജകർ, ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളിലെ വിജയികൾ എന്നിവരെയും ഉപഹാരങ്ങൾ നൽകി ആദരിച്ചു. ട്രഷറർ എൽദോ മണ്ണൂർ നന്ദി പറഞ്ഞു.
Adjust Story Font
16