ഉച്ചവിശ്രമ നിയമം; പരിശോധന ശക്തമാക്കി തൊഴിൽ മന്ത്രാലയം
വേനൽക്കാലങ്ങളിൽ ഉച്ചക്ക് 12:30 മുതൽ വൈകിട്ട് 3:30 വരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനാണ് വിലക്ക്
മസ്കത്ത് : ഒമാനിൽ ഉച്ചവിശ്രമ നിയമം കർശനമായി നടപ്പാക്കി തൊഴിൽ മന്ത്രാലയം. തൊഴിലാളികൾക്ക് നിർബന്ധിത ഉച്ചവിശ്രമം നടപ്പാക്കുന്ന തൊഴിൽ മന്ത്രാലയത്തിന്റെ തീരുമാനം ജൂൺ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഇതിന്റെ ഭാഗമായി മന്ത്രാലയത്തിന്റെ കീഴിൽ പരിശോധനയും ശക്തമാക്കി. നിർമ്മാണ മേഖലകളിലും മറ്റ് ഔട്ട്‌ഡോർ മേഖലകളിലും ജോലിയെടുക്കുന്ന തൊഴിലാളികളെ കടുത്ത ചൂടിൽ നിന്ന് സംരക്ഷിക്കുന്നതാണ് നിയമം.
വേനൽക്കാലങ്ങളിൽ ഉച്ചക്ക് 12:30 മുതൽ വൈകിട്ട് 3:30 വരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനാണ് വിലക്ക്. ഇത് സംബന്ധിച്ച് തൊഴിലുടമകൾക്ക് നേരത്തെ തന്നെ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.തൊഴിലുടമകൾ ഈ നിയന്ത്രണം പാലിക്കുകയും അതിനനുസരിച്ച് അവരുടെ ജോലി സമയം ക്രമീകരിക്കുകയും വേണം. പാലിക്കാത്ത തൊഴിലുടമക്ക് 500 മുതൽ 1,000റിയാൽ വരെ കടുത്ത പിഴയും ലഭിക്കും. നിയമം കർശനമായി നടപ്പിലാക്കാനാണ് തൊഴിൽ മന്ത്രാലയത്തിന്റെ കീഴിൽ വിവധ ഇടങ്ങളിൽ പരിശോധന നടത്തുന്നത്.
Adjust Story Font
16