ഒമാനിൽ മരുന്നുകൾ പ്രാദേശികമായി ഉൽപാദിപ്പിക്കാൻ പദ്ധതിയുമായി ആരോഗ്യ മന്ത്രാലയം
ഒമാനിൽ ആവശ്യമായ 90 ശതമാനം മരുന്നുകളും നിലവിൽ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുകയാണ്
മസ്‌കത്ത്: ഒമാനിൽ പ്രാദേശികമായി മരുന്നുകൾ ഉൽപാദിപ്പിക്കാനും ഈ മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും പദ്ധതിയുമായി ആരോഗ്യ മന്ത്രാലയം. നിലവിലെ മരുന്ന് ഇറക്കുമതി കുറക്കാൻ ലക്ഷ്യമിട്ട് നിരവധി മരുന്ന് ഉത്പാദന ഫാക്ടറികൾ ഒമാനിൽ സ്ഥാപിക്കാനാണ് ആരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നത്.ഒമാനിൽ ആവശ്യമായ 90 ശതമാനം മരുന്നുകളും നിലവിൽ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുകയാണ്.
ഒമാനിൽ ആവശ്യമായ 30 ശതമാനം മരുന്നുകൾ ആഭ്യന്തരമായി ഉത്പാദിപ്പിക്കാനാണ് മന്ത്രാലയത്തിന്റെ പദ്ധതി. ലോക വിപണിയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് പകരം കണ്ടെത്തി അതുവഴി രാജ്യത്തെ മരുന്ന് വിതരണം ശക്തിപ്പെടുത്താനുമാണ് ഉദ്ദേശിക്കുന്നത്. ഒമാനിലെ മരുന്ന് സുരക്ഷയും മരുന്ന് സ്റ്റോക്കും ശക്തിപ്പെടുത്താൻ മന്ത്രാലയം ശ്രമങ്ങളാരംഭിച്ചതായി മെഡിക്കൽ വിതരണം വിഭാഗം ഡയറക്ടർ ജനറൽ ഇബ്‌റാഹീം ബിൻ നാസർ അൽ റാഷ്ദി പറഞ്ഞു.
ജീവൻ സുരക്ഷ മരുന്നുകളടക്കമുള്ളവയുടെ ശേഖരണം ആരംഭിച്ച മേഖലയിലെ ആദ്യ രാജ്യമാണ് ഒമാൻ. രാജ്യത്തെ ജനസംഖ്യ വർധിക്കുന്നതിനുസരിച്ച് ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ മന്ത്രാലയം നടപടികൾ സ്വീകരിക്കുന്നുണ്ട്. ബ്രിട്ടൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് മരുന്നുകൾ അടിയന്തിര അടിസ്ഥാനത്തിൽ ഇറക്കുമതി ചെയ്ത് സ്റ്റോക്ക് വർധിപ്പിക്കാനും പദ്ധതിയുണ്ട്.നിലവിൽ മൂന്ന് മരുന്ന് ഫാക്ടറികളുടെ നിർമാണമാണ് പുരോഗമിക്കുന്നത്.
Adjust Story Font
16