'എം.ടി അക്ഷരങ്ങളുടെ മാസ്മരികതകൊണ്ട് മലയാള മനസ്സിനെ പ്രചോദിപ്പിച്ച സാഹിത്യകാരൻ'; അക്ഷരം വായനാവേദി
ജിദ്ദ: മലയാളത്തിന്റെ മഹാപ്രതിഭ എം.ടി. വാസുദേവൻ നായരുടെ നിര്യാണത്തിൽ അക്ഷരം വായനാവേദി ജിദ്ദ അനുശോചിച്ചു. വൈക്കം മുഹമ്മദ് ബഷീറിന് ശേഷം, ജീവിച്ച കാലത്തേയും ചുറ്റുപാടിനേയും അക്ഷരങ്ങളുടെ മാസ്മരികതകൊണ്ട് മലയാള മനസ്സിനെ ഇത്രയേറെ പ്രചോദിപ്പിച്ച സാഹിത്യകാരൻ എം.ടിയെ പോലെ മറ്റാരുമില്ല. നാലുകെട്ട്, രണ്ടാമൂഴം, കാലം, മഞ്ഞ് തുടങ്ങി തന്റെ രചനാ വൈഭവത്തിലൂടെ മലയാള സാഹിത്യത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തി എന്നതാണ് എം.ടിയുടെ സവിശേഷത. ഒപ്പം പത്രപ്രവർത്തന, ചലചിത്ര രംഗങ്ങളിൽ മഹത്തായ സംഭാവനകളാണ് അദ്ദേഹം നൽകിയത്. ഭരണകൂട ഭീകരതക്കെതിരെയും ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെയും ഫാഷിസത്തിനെതിരെയുമെല്ലാം ഒരു വിട്ടുവീഴ്ചയുമില്ലാതെ ശക്തമായ രീതിയിൽ പ്രതികരിക്കാൻ ധൈര്യം കാണിച്ചിരുന്ന അപൂർവം സാഹിത്യകാരന്മാരിൽ മുൻപന്തിയിലുണ്ടായിരുന്നു എം.ടി. അദ്ദേഹത്തിന്റെ വിടവ് മലയാള സാഹിത്യ, സാംസ്‌കാരിക, സാമൂഹിക രംഗത്ത് നികത്താനാവാത്ത നഷ്ടമാണെന്നും അക്ഷരം വായനാവേദി വിലയിരുത്തി.
Adjust Story Font
16