മുസന്ദം ഗവർണറേറ്റിൽ വിരുന്നെത്തി വംശനാശഭീഷണി നേരിടുന്ന പക്ഷികൾ
സമൃദ്ധമായി മത്തി ലഭിക്കുന്നതിനാൽ സോകോട്ര കോർമോറന്റുകളാണ് പ്രദേശത്തെത്തുന്നത്
മസ്‌കത്ത്: അറേബ്യൻ ഗൾഫ്, അറേബ്യൻ പെനിൻസുലയുടെ തെക്കുകിഴക്കൻ തീരം, സൊകോത്ര ദ്വീപ് എന്നിവിടങ്ങളിൽ കാണപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന പക്ഷി ഇനമായ സോകോട്ര കോർമോറന്റിന്റെ പ്രധാന സീസണൽ ഫീഡിംഗ് സ്റ്റേഷനായി മുസന്ദം ഗവർണറേറ്റ്. ഈ ദേശാടനപ്പക്ഷികൾ ചെങ്കടൽ വരെ സഞ്ചരിക്കുകയും ഇന്ത്യൻ മഹാസമുദ്രത്തിലെ സോകോത്ര ദ്വീപുകളിൽ പ്രജനനം നടത്തുകയും ചെയ്യുന്നവയാണ്.
മുസന്ദം ഗവർണറേറ്റിലെ പരിസ്ഥിതി വകുപ്പിലെ പരിസ്ഥിതി സംരക്ഷണ വിഭാഗം മേധാവി എഞ്ചിനീയർ നൂറ ബിൻത് അബ്ദുല്ല അൽ ഷെഹി ഈ പക്ഷികളുടെ ഗണ്യമായ സാന്നിധ്യം ചൂണ്ടിക്കാട്ടി. 'മേയ് മുതൽ സെപ്തംബർ വരെ മുസന്ദം ഗവർണറേറ്റിലെ പാറയും മണലും നിറഞ്ഞ തീരപ്രദേശങ്ങളിൽ സോകോട്ര കോർമോറന്റുകൾ കാണപ്പെടാറുണ്ട്. ഭക്ഷണം തേടിയാണ് ഇവയെത്തുന്നത്. കഴിഞ്ഞ വർഷം, ഗവർണറേറ്റിൽ 45,000 ഓളം കോർമോറന്റുകൾ എത്തിയതായി പരിസ്ഥിതി അതോറിറ്റി (ഇഎ) രേഖപ്പെടുത്തിയിട്ടുണ്ട്, അവയുടെ പ്രധാന ഭക്ഷണമായ മത്തി സമൃദ്ധമായി കാണുന്നതാണ് അവയെ ആകർഷിക്കുന്നത്' നൂറ ചൂണ്ടിക്കാട്ടി.
യെമനിലെ സോകോത്ര ദ്വീപിൽ കണ്ടെത്തിയതിൽ നിന്നാണ് സോകോട്ര കോർമോറന്റിന് ഈ പേര് ലഭിച്ചത്. പ്രായപൂർത്തിയായ പക്ഷികൾക്ക് കറുത്ത തൂവലുകളുണ്ടാകും. പ്രായപൂർത്തിയാകാത്ത കോർമോറന്റുകൾക്ക് വ്യതിരിക്തമായ വെളുത്ത വയറും തവിട്ട് തൂവലുകളുമാണുണ്ടാകുക. മെലിഞ്ഞ കഴുത്തും ഏകദേശം 80 സെന്റീമീറ്റർ നീളവും പക്ഷിയെ എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കും. പ്രാദേശികമായി 'ലോവ്' എന്നറിയപ്പെടുന്നതാണ് സോകോട്ര കോർമോറന്റുകൾ.
അൽ ഷെഹിയുടെ നേതൃത്വത്തിൽ പരിസ്ഥിതി അതോറിറ്റി, ഈ അപൂർവ ജീവികളെ അപകടപ്പെടുത്തുന്ന സമുദ്ര മലിനീകരണം, തീരദേശ വികസനം, വേട്ടയാടൽ എന്നീ ഭീഷണികളിൽ ശ്രദ്ധ ചെലുത്തിക്കൊണ്ട് സോകോട്ര കോർമോറന്റ് ജനസംഖ്യയെ നിരീക്ഷിക്കുകയും പഠനങ്ങളും സർവേകളും നടത്തുകയും ചെയ്തുവരികയാണ്. പാരിസ്ഥിതിക വെല്ലുവിളികൾക്കിടയിലും പ്രദേശത്തിന്റെ ജൈവവൈവിധ്യം സംരക്ഷിക്കാൻ അതോറിറ്റി പ്രവർത്തിക്കുന്നതിനാൽ മുസന്ദത്തിലെ സോകോട്ര കോർമോറന്റിന്റെ സംരക്ഷണം ഉറപ്പാക്കിവരികയാണ്.
Adjust Story Font
16