ഒമാനിൽ ജലസേവന മേഖലയിൽ പ്രീപെയ്ഡ് വാട്ടർ മീറ്റർ സംവിധാനവുമായി നാമ
ബാലൻസ് ക്രെഡിറ്റ് പരിശോധിക്കാനും ജല ഉപഭോഗം നിരീക്ഷിക്കാനും കഴിയും
മസ്കത്ത്: ഒമാനിൽ ജലസേവന മേഖലയിൽ പ്രീപെയ്ഡ് വാട്ടർ മീറ്റർ സംവിധാനവുമായി നാമ വാട്ടർ സർവീസ് കമ്പനി. മികച്ച സാങ്കേതിക വിദ്യകൾ സ്വീകരിച്ച് മെച്ചപ്പെട്ട സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകാനുള്ള കമ്പനിയുടെ ശ്രമത്തിന്‍റെ ഭാഗമായാണ് ഈ സുപ്രധാന ചുവടുവെപ്പ്.
പുതിയ മീറ്ററുകൾ ഉപയോഗിച്ച് മികച്ച ഉപഭോക്തൃ സേവനത്തിലേക്കുള്ള കമ്പനിയുടെ മുന്നേറ്റമാണ് ഇതിലൂടെ ഉലക്ഷ്യമിടന്നതെന്ന നാമ വാട്ടർ സർവീസസിന്‍റെ സി.ഇ.ഒ ഖായിസ് അൽ സക്ക്വാനി പറഞ്ഞു. ഈ അത്യാധുനിക മീറ്ററുകൾ സ്ഥാപിക്കുന്നത് ആദ്യം മസ്‌കത്ത് ഗവർണറേറ്റിൽ ആയിരിക്കും. പിന്നീട് മറ്റ് ഗവർണറേറ്റിലേക്കും വ്യാപിപ്പിക്കും.
പ്രീപെയ്ഡ് വാട്ടർ മീറ്ററുകൾ ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് സാങ്കേതികവിദ്യ ഉപയോഗിച്ചും ഉപഗ്രഹം വഴി കമ്പനിയുടെ സബ്‌സ്‌ക്രൈബർ സേവന സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്ന സ്മാർട്ട് സംവിധാനത്തിലൂടെയും ആണ് പ്രവർത്തിക്കുന്നത്. ഓരോ മണിക്കൂറിലും അപ്‌ഡേറ്റുകൾ അയക്കാൻ മീറ്ററുകളിൽ പ്രോഗ്രാം ചെയ്‌തിട്ടുണ്ട്.
ഉപയോഗിക്കുന്ന വെള്ളത്തിന്‍റെ അളവ്, അക്കൗണ്ടിലെ ബാക്കി തുക എന്നിവ ഉപഭോക്താക്കൾക്ക് ഇതിലൂടെ അറിയാൻ കഴിയും. കൂടാതെ മീറ്ററിന്‍റെ ഡിജിറ്റൽ സ്ക്രീനിലൂടെ ജല ഉപഭോഗത്തിന്‍റെ അളവ് മനിസ്സിലാക്കാനും സാധിക്കും. ബാലൻസ് ക്രെഡിറ്റ് പരിശോധിക്കാനും ജല ഉപഭോഗം നിരീക്ഷിക്കാനും കഴിയും.
വരിക്കാർക്ക് മീറ്ററുകളിൽ അഞ്ച് മുതൽ 100 റിയാൽ വരെയും വാണിജ്യ കണക്ഷനുകൾക്ക് 10 മുതൽ 500 റിയാൽ വരെയും ഉള്ള തുകകൾ റീചാർജ് ചെയ്യാം. ബാലൻസ് കുറവായ സാഹചര്യത്തിൽ സ്മാർട്ട് മീറ്റർ എസ്.എം.എസ് അലേർട്ടുകൾ അയക്കും. ബാലൻസ് ഇല്ലെങ്കിൽ മീറ്ററുകൾ വിച്ഛേദിക്കപ്പെടും. എന്നാൽ, റീചാർജ് ചെയ്തതിന് ശേഷം സ്വയമേ പുനരാരംഭിക്കുന്നതിനായി മീറ്ററുകളിൽ പ്രോഗ്രാം ചെയ്തിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
Adjust Story Font
16