ദേശീയദിന അവധി: യാത്രക്കാർക്ക് സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി റോയൽ ഒമാൻ പൊലീസ്
യാത്രക്ക് മുൻപും യാത്രയിലും സ്വീകരിക്കേണ്ട മുൻകരുതലുകളാണ് പൊലീസ് പുറത്തുവിട്ടത്
മസ്‌കത്ത്: ദേശീയദിന അവധിയോടനുബന്ധിച്ച് സാഹസിക, വിനോദ യാത്രകൾ പ്ലാൻ ചെയ്യുന്ന സ്വദേശികൾക്കും വിദേശികൾക്കും മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്. ഒമാന്റെ 54-ാം ദേശീയദിനത്തോടനുബന്ധിച്ചുള്ള പൊതു അവധി നാളെയും മറ്റെന്നാളുമാണ്. വെള്ളിയും ശനിയും രാജ്യത്ത് വാരാന്ത്യ അവധിയുമാണ്. തുടർച്ചയായി നാല് ദിവസം അവധിയാവുന്നതോടെ സ്വദേശികളും വിദേശികളും കുടുംബത്തോടപ്പം രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ ലക്ഷ്യമാക്കി യാത്രയ്ക്കുള്ള പദ്ധതി തയ്യാറാക്കാറുണ്ട്. സാഹസിക വിനോദസഞ്ചാരം ഇഷ്ടപ്പെടുന്നവരും യാത്രക്കിറങ്ങാറുണ്ട്. ഇത് മുന്നിൽ കണ്ടാണ് സുരക്ഷക്ക് മുൻഗണ നൽകാൻ റോയൽ ഒമാൻ പോലീസ് പൗരൻമാരോടും താമസക്കാർക്കും മുന്നറിയിപ്പ് നൽകിയത്.
യാത്രയ്ക്ക് പുറപ്പെടുന്നതിന് മുമ്പ്, പ്രത്യേകിച്ച് റോഡ് മാർഗമുള്ള ട്രിപ്പുകൾക്ക് ഇറങ്ങുന്നതിനന് മൻപ് കൈകൊള്ളേണ്ട മുൻകരുതലുകളാണ് പ്രധാനമായും പറയുന്നത്. യാത്ര തുടങ്ങുന്നതിന് മുൻപ് വാഹനത്തിന്റെ കണ്ടീഷൻ പരിശോധിക്കണം, പ്രഥമ ശ്രുശ്രൂഷക്ക് ആവശ്യമായ സാധനങ്ങൾ വാഹനത്തിൽ കരുതണം. ട്രാഫിക് നിയമങ്ങൾ പാലിച്ച് വേഗത കുറച്ച് വാഹനം ഓടിക്കണം. യാത്രക്ക് മുൻപ് പോകുന്ന സൈറ്റിനെ കുറിച്ചും യാത്ര പദ്ധതിയെ കുറിച്ചും മടക്ക സമയവും കുടുംബാഗങ്ങളോടോ സുഹൃത്തുക്കളോടോ പറയണം. സുരക്ഷിതമെന്ന് ഉറപ്പുള്ള ലക്ഷ്യസ്ഥാനങ്ങൾ മാത്രം തിരഞ്ഞെടുക്കണം, പരിചിതമല്ലാത്തതോ ഉയർന്ന അപകടസാധ്യതയുള്ളതോ ആയ മേഖലകളിലേക്ക് പോകുന്നത് ഒഴിവാക്കണം. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ, സഹായത്തിനായി '9999' എന്ന നമ്പറിൽ വിളിക്കുക. തുടങ്ങിയ നിർദേശങ്ങളാണ് റോയൽ ഒമാൻ പൊലീസ് നൽകുന്നത്.
Adjust Story Font
16