Quantcast

ആഗസ്റ്റ് നാല് മുതൽ മസ്‌കത്ത് വിമാനത്താവളത്തിൽ പുതിയ ബോർഡിംഗ് കട്ട് ഓഫ് സമയം

കട്ട് ഓഫ് സമയം 20 മിനിറ്റിൽ നിന്ന് 40 മിനിറ്റായി നീട്ടും

MediaOne Logo

Web Desk

  • Published:

    24 July 2024 5:44 AM GMT

More than seven million people traveled through Omans airports in the first half of 2024
X

മസ്‌കത്ത്: ആഗസ്റ്റ് നാല് മുതൽ മസ്‌കത്ത് വിമാനത്താവളത്തിൽ പുതിയ ബോർഡിംഗ് കട്ട് ഓഫ് സമയം. പാസഞ്ചർ പ്രോസസ്സിംഗിനായുള്ള കട്ട് ഓഫ് സമയം ഷെഡ്യൂൾ ചെയ്ത പുറപ്പെടൽ സമയത്തിന് മുമ്പായുള്ള 20 മിനിറ്റിൽ നിന്ന് 40 മിനിറ്റായി നീട്ടും. പാസഞ്ചർ ബോർഡിംഗ് സിസ്റ്റത്തിന്റെ (പിബിഎസ്) പ്രോസസ്സിംഗ് സമയങ്ങളിൽ കാര്യമായ മാറ്റം വന്നതിനാലാണ് കട്ട് ഓഫ് സമയമാറ്റം. ഇതോടെ മസ്‌കത്ത് ഇന്റർനാഷണൽ എയർപോർട്ട് വഴി സഞ്ചരിക്കുന്ന യാത്രക്കാർ പതിവിലും നേരത്തെ എത്തിച്ചേരണം.

പുതിയ പി.ബി.എസ്. പ്രോസസ്സിംഗ് കട്ട്-ഓഫ് സമയം നടപ്പാക്കുന്നതായി ജൂലൈ 23ന് പ്രസിദ്ധീകരിച്ച സർക്കുലറിലാണ് ഒമാൻ എയർപോർട്ട് പ്രഖ്യാപിച്ചത്. യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതിനും പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ മാറ്റമെന്ന് എയർപോർട്ട് അധികൃതർ പറഞ്ഞു.

'ഞങ്ങളുടെ വിമാനത്താവളത്തിലെ യാത്രക്കാരുടെ സൗകര്യവും (സംവിധാനങ്ങളുടെ) പ്രവർത്തനക്ഷമതയും വർധിപ്പിക്കുന്നതിനുള്ള തുടർശ്രമങ്ങളുടെ ഭാഗമായി, യാത്രക്കാർ ചെക്ക്-ഇൻ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത് മുതൽ പുറപ്പെടൽ ഗേറ്റുകളിൽ എത്തുന്നതുവരെയുള്ള കാര്യങ്ങൾ ഞങ്ങൾ വിശദമായി അവലോകനം ചെയ്തു. ചെക്ക്-ഇൻ പ്രക്രിയ പൂർത്തിയാക്കുന്നതിനുള്ള ഒപ്റ്റിമൽ ടൈംലൈനുകൾ തിരിച്ചറിയാനും എല്ലാ ഫ്‌ളൈറ്റുകൾക്കും നിശ്ചയിച്ചിട്ടുള്ള ഷെഡ്യൂൾ അനുസരിച്ച് ബോർഡിംഗ് പ്രക്രിയയുടെ പുരോഗതി ഉറപ്പാക്കാനും, അതുവഴി പ്രവർത്തന പ്രവർത്തനങ്ങളിലെ കാലതാമസം ഒഴിവാക്കാനുമാണ് ഈ അവലോകനം ലക്ഷ്യമിട്ടത്. അവലോകനത്തെ തുടർന്ന് ആഗസ്റ്റ് നാല് ഞായറാഴ്ച മുതൽ, പുറപ്പെടാൻ ഷെഡ്യൂൾ ചെയ്ത സമയത്തിന് മുമ്പുള്ള യാത്രക്കാരെ പ്രോസസ്സ് ചെയ്യുന്നതിനുള്ള സമയം 20 മിനിറ്റിൽ നിന്ന് 40 മിനിറ്റായി മാറ്റും'സർക്കുലറിൽ പറയുന്നു.

ചൊവ്വാഴ്ച വൈകുന്നേരത്തോടെ തങ്ങളുടെ ഓഫീസിൽ സർക്കുലർ ലഭിച്ചതായി എയർലൈനിലെ ഒരു മുതിർന്ന പ്രതിനിധി സ്ഥിരീകരിച്ചതായി ടൈംസ് ഓഫ് ഒമാൻ റിപ്പോർട്ടിൽ പറഞ്ഞു.

'എല്ലാ അന്താരാഷ്ട്ര ഫ്‌ളൈറ്റുകൾക്കും ഈ ക്രമീകരണം ബാധകമാണ്, ഏറ്റവും ദൂരെയുള്ള ചെക്ക്-ഇൻ കൗണ്ടറിൽ നിന്ന് ഏറ്റവും ദൂരെയുള്ള പുറപ്പെടൽ ഗേറ്റിലേക്കുള്ള പരമാവധി യാത്രാ സമയം ശരാശരി 40 മിനിറ്റാണ്. അത് കണക്കാക്കിയാണ് കട്ട് ഓഫ് സമയം നിശ്ചയിച്ചത്. വിമാനത്തിൽ കയറുന്നതിന് മുമ്പ് ആവശ്യമായ എല്ലാ പ്രീ-ബോർഡിംഗ് നടപടിക്രമങ്ങളും പൂർത്തിയാക്കാൻ യാത്രക്കാർക്ക് മതിയായ സമയം ഉണ്ടെന്ന് ഈ ക്രമീകരണം ഉറപ്പാക്കും. ഇതിനൊപ്പം എയർലൈനുകളും ഗ്രൗണ്ട് ഹാൻഡ്ലിംഗ് കമ്പനികളും വിമാനം പുറപ്പെടുന്ന സമയത്തിന് 60 മിനിറ്റ് മുമ്പ് പാസഞ്ചർ ചെക്ക്-ഇൻ ഡെസ്‌ക്കുകൾ അടയ്ക്കുകയും വേണം. അതിനാൽ, മസ്‌കത്ത് അന്താരാഷ്ട്ര എയർപോർട്ടിലെ പ്രവർത്തന പ്രക്രിയകൾ സുഗമമായി ഉറപ്പാക്കുന്നതിന് മുകളിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കുന്നതിനായി പ്രവർത്തിക്കാൻ ബന്ധപ്പെട്ട എല്ലാ കക്ഷികളോടും ദയയോടെ അഭ്യർത്ഥിക്കുന്നു' സർക്കുലറിൽ പറഞ്ഞു.

ഈ പുതിയ മാറ്റം ഉൾക്കൊള്ളണമെന്നും സുഗമവും സമയബന്ധിതവുമായ പുറപ്പെടൽ ഉറപ്പാക്കണമെന്നും സഞ്ചാരികളോട് അധികൃതർ അഭ്യർത്ഥിക്കുന്നു.

TAGS :

Next Story