വെള്ളപ്പൊക്ക ഭീഷണിയുയർത്തുന്ന മേഖലകൾ കണ്ടെത്താൻ ഒമാനിൽ പുതിയ പദ്ധതി
വെള്ളപ്പൊക്ക ദുരിതത്തിൽ നിന്ന് പ്രദേശവാസികളെ രക്ഷിക്കാനും അപകട മേഖലാ ഭൂപടം തയ്യാറാക്കാനുമാണ് മന്ത്രാലയം പദ്ധതിയിടുന്നത്.
മസ്കത്ത്: ഒമാനിൽ വെള്ളപ്പൊക്ക ഭീഷണിയുയർത്തുന്ന മേഖലകൾ കണ്ടെത്താൻ പദ്ധതിയുമായി ജലവിഭവ മന്ത്രാലയം. വെള്ളപ്പൊക്ക ദുരിതത്തിൽ നിന്ന് പ്രദേശവാസികളെ രക്ഷിക്കാനും അപകട മേഖലാ ഭൂപടം തയ്യാറാക്കാനുമാണ് മന്ത്രാലയം പദ്ധതിയിടുന്നത്. വെള്ളപ്പൊക്ക ഭീഷണിയുയർത്തുന്ന മേഖലകൾ കണ്ടെത്തുന്നതിനായി മന്ത്രാലയം നിശ്ചയിച്ച കൺസൾട്ടൻസിക്ക് രണ്ട് വർഷക്കാലയളവാണ് നൽകിയിരിക്കുന്നത്. വെള്ളപ്പൊക്ക മേഖലകൾ കണ്ടെത്തുക, അവയുടെ അപകട സാധ്യതയും വെള്ളം ഒഴുകി പോകുന്ന പ്രധാന വാദികളും ഉപവാദികളും അടയാളപ്പെടുത്തുക, ഇവയെ ഭൂമിശാസ്ത്രപരമായി തിരിച്ചറിഞ്ഞ് ഉയർന്ന അപകടസാധ്യത, ഇടത്തരം അപകട സാധ്യത, കുറഞ്ഞ അപകട സാധ്യതയുള്ളവ എന്നിങ്ങനെ വേർതിരിക്കുക തുടങ്ങിയവയാണ് കൺസൾട്ടൻസിയുടെ പ്രധാന ചുമതല. അപകടകരമായ കാലവസ്ഥ അനുഭവപ്പെടാൻ സാധ്യതയുള്ള സമയങ്ങളിൽ ദേശീയ ദുരന്ത നിവാരണ ഏജൻസിക്ക് ജനജീവതവും സമ്പത്തും സംരക്ഷിക്കാനുള്ള നടപടികൾ എളുപ്പമാക്കാൻ മാപ്പ് ഏറെ സഹായകമാവും. സുരക്ഷിതമായ നഗര നിർമാണത്തിനും ഇത്തരം മാപ്പുകൾ സഹായകമാവും. താഴ്വരകളിലും അതിന് സമീപവും താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാനും മാപ്പ് ഉപകരിക്കും. കൂടാതെ, ഇത്തരം മേഖലകളിൽ കെട്ടിടങ്ങളും മറ്റും നിർമിക്കുമ്പോൾ ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാനും അതുവഴി അപകടങ്ങൾ ഒഴിവാക്കാനും കഴിയും.
Next Story
Adjust Story Font
16