മാഹി അഴിയൂർ സ്വദേശി മസ്‌കത്തിൽ നിര്യാതനായി
സലാല തലശ്ശേരി അസോസിയേഷൻ പ്രസിഡന്റായിരുന്ന എൻ.പി. ശംസുദ്ദീൻ കുഴഞ്ഞുവീണാണ് മരിച്ചത്
മസ്‌കത്ത്: മാഹി അഴിയൂർ സ്വദേശി സഫിയാസിൽ എൻ.പി. ശംസുദ്ദീൻ മസ്‌കത്തിലെ ബൗഷറിൽ നിര്യാതനായി. സലാല തലശ്ശേരി അസോസിയേഷൻ പ്രസിഡന്റായിരുന്ന ഇദ്ദേഹം കുഴഞ്ഞുവീണാണ് മരിച്ചത്. രാവിലെ ജോലിക്ക് പോകാൻ തയ്യാറെടുക്കവേ താമസസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു.
കഴിഞ്ഞ 32 വർഷമായി ഒമാനിൽ ജോലി ചെയ്തുവരികയായിരുന്നു. 30 വർഷത്തോളം സലാലയിൽ ഡബ്‌ളിയു.ജെ.ടൗവ്വൽ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. കഴിഞ്ഞ രണ്ട് വർഷമായി മസ്‌കത്തിലെ മറ്റൊരു കമ്പനിയിലാണ്. അവധി കഴിഞ്ഞ് നാല് ദിവസം മുമ്പാണ് മടങ്ങിയെത്തിയത്. എൻ.എം..സി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഭാര്യ: സഫിയത്ത്. മക്കൾ: ശിഫ, ശദ, സഹറ. മരുമകൻ: സഹൽ. ദീർഘകാലം കൂടുംബസമേതം സലാലയിലാണുണ്ടായിരുന്നത്. ഒമ്പത് സഹോദരന്മാരും മൂന്ന് സഹോദരിയുമുണ്ട്. സഹോദരങ്ങൾ: ഹസൻ അഹമ്മദ്, മുഹമ്മദ് ഷരീഫ്, ഷാനിദ്(സലാല), ഇഖ്ബാൽ (മസ്‌കത്ത്).
ദീർഘകാലം ജീവകാരുണ്യ സംഘടനയായ തലശ്ശേരി അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. അൽ മദ്‌റസത്തുൽ ഇസ്‌ലാമിയ പി.ടി.എ പ്രസിഡന്റുമായിരുന്നു. പരേതന്റെ നിര്യാണത്തിൽ സലാലയിലെ വിവിധ സംഘടന നേതാക്കൾ അനുശോചിച്ചു.
Adjust Story Font
16