ജി.സി.സി രാജ്യങ്ങളിൽ മലയാളി ബ്ലൂ കോളർ തൊഴിലാളികളുടെ എണ്ണം കുറയുന്നു
പത്ത് വർഷം മുമ്പുവരെ ഈ മേഖലയിൽ ഏറ്റവും കൂടുതലുണ്ടായിരുന്നത് മലയാളികളായിരുന്നു.
മസ്കത്ത്: ഒമാൻ അടക്കമുള്ള ജി.സി.സി രാജ്യങ്ങളിൽ മലയാളി ബ്ലു കോളർ തൊഴിലാളികളുടെ എണ്ണം കുറയുന്നതായി പഠനം. യു.എ.ഇ കേന്ദ്രമായി പ്രവർത്തിക്കുന്ന 'ഹണ്ടർ' നടത്തിയ പഠനത്തിലാണ് കേരളത്തിൽ നിന്നുള്ള ബ്ലൂ കോളർ ജോലിക്കാരുടെ എണ്ണം ഗണ്യമായി കുറയുന്നതായി കണ്ടെത്തിയത്.
ജി.സി.സി രാജ്യങ്ങളിൽ മലയാളികളേക്കാൾ ഇപ്പോൾ കൂടുതൽ ഉത്തർപ്രദേശുകാരും ബീഹാരികളുമാണ്. നിലവിൽ ജി.സി.സിയിലേക്ക് വരുന്ന മലയാളികളുടെ എണ്ണം 90 ശതമാനത്തോളം കുറഞ്ഞതായാണ് ഹണ്ടർ നടത്തിയ പഠനത്തിൽ പറയുന്നത്. ഈ വർഷം ആദ്യ ഏഴ് മാസങ്ങളിൽ ഇന്ത്യയിൽ നിന്ന് ജി.സി.സി രജ്യങ്ങളിലെത്തുന്ന ബ്ലൂ കോളർ ജോലിക്കാരുടെ എണ്ണം 50 ശതമാനം വർധിച്ചിരുന്നു.
ഇതിൽ ഉത്തർപ്രദേശ്, ബീഹാർ എന്നിവിടങ്ങളിൽനിനുള്ള ജോലിക്കാരാണ് കൂടുതലുള്ളത്. കേരളം, പശ്ചിമ ബംഗാൾ, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികൾ ഇതിനുശേഷമാണുള്ളത്. സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിലേക്കാണ് ഇന്ത്യയിൽനിന്ന് കൂടുതൽ ബ്ലൂ കോളർ ജോലിക്കാർ എത്തുന്നത്. ഒമാനിൽ മലയാളികളുടെ എണ്ണം കുറയാൻ നിരവധി കാരണങ്ങളുണ്ട്.
പുതിയ തലമുറയിൽപെട്ട ബഹുഭൂരിപക്ഷവും നിർമാണ മേഖല അടക്കമുള്ള മേഖലയിലേക്ക് വരാൻ മടിക്കുന്നവരാണ്. അതിനാൽ ഈ മേഖയിൽ ഇപ്പോൾ ഏറ്റവും കൂടുതലുള്ളത് ബംഗ്ലാദേശിൽ നിന്നുള്ളവരാണ്. പത്ത് വർഷം മുമ്പുവരെ ഈ മേഖലയിൽ ഏറ്റവും കൂടുതലുണ്ടായിരുന്നത് മലയാളികളായിരുന്നു. ഇപ്പോൾ മലയാളികൾ ഒമാൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് തൊഴിൽ തേടി എത്തുന്നുണ്ടെങ്കിലും ബ്ലൂ കോളർ ജോലിക്കെത്തുന്നവർ വിരളമാണ്.
Adjust Story Font
16