ഒമാനും അൾജീരിയയും എട്ട് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു
അൾജീരിയൻ പ്രസിഡന്റിന്റെ ഒമാൻ സന്ദർശനത്തിന്റെ ഭാഗമായാണ് ഇരു രാജ്യങ്ങളും ധാരണാപത്രങ്ങളിൽ ഒപ്പുവച്ചത്
മസകത്ത്: വിവിധ മേഖലകളിൽ സഹകരണം ലക്ഷ്യമിട്ട് ഒമാനും അൾജീരിയയും എട്ട് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. അൾജീരിയൻ പ്രസിഡന്റിന്റെ ഒമാൻ സന്ദർശനത്തിന്റെ ഭാഗമായാണ് ഇരു രാജ്യങ്ങളും ധാരണാപത്രങ്ങളിൽ ഒപ്പുവച്ചത്. അൾജീരിയൻ പ്രസിഡന്റ് അബ്ദുൽ മജീദ് തെബൂണിനെ ആലം പാലസിൽ സുൽത്താൻ ഹൈതം ബിൻ താരിക്ക് സ്വീകരിച്ചു
ഉന്നത വിദ്യാഭ്യാസം, ഗവേഷണം, പരിസ്ഥിതി, സുസ്ഥിര വികസനം, സാമ്പത്തിക സേവനങ്ങൾ, തൊഴിൽ, പരിശീലനം, മാധ്യമം എന്നീ മേഖലകളിൽ നിക്ഷേപവും സഹകരണവും വർധിപ്പിക്കാനുള്ള ധാരണപത്രങ്ങളിലാണ് ഇരു രാജ്യങ്ങളിലെ വകുപ്പ് മന്ത്രിമാർ ഒപ്പുവച്ചത്. അറിവും വൈദഗ്ധ്യവും കൈമാറ്റം ചെയ്യുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ധാരണാപത്രം എന്ന് ഒമാൻ ദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി പറഞ്ഞു. ഒമാനി-അൾജീരിയൻ ബന്ധം കൂടുതൽ വളർച്ചയുടെയും അഭിവൃദ്ധിയുടെയും മറ്റൊരു ഘട്ടത്തിലേക്ക് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഒമാനിലെത്തിയ അൾജീരിയൻ പ്രസിഡന്റിനെ ഒമാൻ സുൽത്താന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ആലം പാലസിൽ സുൽത്താനും അൾജീരിയൻ പ്രസിഡന്റും ഔദ്യോഗിക കൂടിക്കാഴ്ചയും നടത്തി. മേഖലയിലെ സുരക്ഷയും സമാധാനവും കൈവരിക്കുക എന്ന പ്രധാന ലക്ഷ്യത്തോടെ ഇരു നേതാക്കളും നിലവിലെ സാഹചര്യങ്ങൾ ചർച്ച ചെയ്യുകയും അഭിപ്രായങ്ങൾ കൈമാറുകയും ചെയ്തു. സ്വീകരണത്തിന് അൾജീരിയൻ പ്രസിഡന്റ് നന്ദി അറിയിച്ചു. ഈ സന്ദർശനം ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെ ക്ഷേമത്തിനായി വിജയിക്കട്ടെയെന്ന് ഒമാൻ സുൽത്താൻ ആശംസിച്ചു.
Adjust Story Font
16