54ാം ദേശീയ ദിനം വിപുലമായി ആഘോഷിച്ച് ഒമാൻ
സൈനിക പരേഡിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് സല്യൂട്ട് സ്വീകരിച്ചു
മസ്‌കത്ത്: 54ാം ദേശീയ ദിനം വിപുലമായി ആഘോഷിച്ച് ഒമാൻ. സൈനിക പരേഡിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് സല്യൂട്ട് സ്വീകരിച്ചു. സുൽത്താൻ ഹൈതം ബിൻ താരിഖ് അധികാരമേറ്റതിന് ശേഷമുള്ള നാലാമത്തെ പരേഡാണ് സമൗദ് ഗ്രൗണ്ടിൽ നടന്നത്. സുൽത്താൻ ഹൈതം ബിൻ താരിഖിനും രാജ്യത്തിനും വിവിധ ലോകരാജ്യങ്ങൾ ആശംസകൾ നേർന്നു. വിവിധമേഖലകളിൽ രാജ്യം കൈവരിച്ച നേട്ടങ്ങളെ അടയാളപ്പെടുത്തിയും സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ജ്ഞാനപൂർവകമായ നേതൃത്വത്തിന് കീഴിൽ നടത്തുന്ന വികസനകുതിപ്പുകളെ സാക്ഷ്യപ്പെടുത്തിയുമാണ് ഒമാൻ 54ാം ദേശീയ ദിനം ആഘോഷിച്ചത്.
പരേഡ് ഗ്രൗണ്ടിലെത്തിയ സുൽത്താനെ പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. സൈനിക വിഭാഗം സല്യൂട്ട് നൽകിയും സൈനിക ബാൻഡ് സംഘം ദേശീയ ഗാനം ആലപിച്ചുമാണ് സുൽത്താനെ ആനയിച്ചത്. സുൽത്താന് ആദരവ് അറിയിച്ച് 21 ആചാരവെടികളും മുഴക്കി. വിവിധ സൈനിക വിഭാഗങ്ങളുടെ മ്യൂസിക്കൽ പരേഡും നടന്നു. ദേശസ്‌നേഹം പ്രകടിപ്പിച്ചും സുൽത്താന് ഹൈതം ബിൻ താരിഖിന് അഭിവാദ്യമർപ്പിച്ചും ഗവർണറേറ്റുകളിൽ വിവിധങ്ങളായ പരിപാടികളാണ് നടന്നത്. വിവിധ വിലായത്തുകളിലും സ്വദേശികളുടെയും വിദേശികളുടെയും നേതൃത്വത്തിൽ റാലികളും സംഘടിപ്പിച്ചിരുന്നു.
ആധുനിക ഒമാന്റെ ശിൽപിയായ സുൽത്താൻ ഖാബൂസ് ബിൻ സാഈദിന്റെ ജന്മദിനമാണ് ഒമാൻ ദേശീയദിനമയി ആഘോഷിക്കുന്നത്. 1970 ൽ അധികാരത്തിലേറിയ സുൽത്താൻ ഖാബൂസ് ദേശീയ സമ്പത്ത് ജനക്ഷേമത്തിനും രാജ്യ പുരോഗതിക്കും വേണ്ടി വിനിയോഗിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഭരണാധികാരിയായിരുന്നു. 2020 ൽ അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം സുൽത്താൻ ഹൈതം ബിൻ താരിഖ് ആ പാത പിന്തുടരുകയാണ് ഒമാൻ ഇന്ന് കൈവരിക്കുന്ന എല്ലാ നേട്ടങ്ങളുടെയും കാരണം അത് തന്നെയാണ്.
Adjust Story Font
16