ഒമാനിൽ ബലിപെരുന്നാൾ അവധി നാളെ അവസാനിക്കും
സർക്കാർ-സ്വകാര്യ ഓഫീസുകൾ നാളെ മുതൽ പ്രവർത്തനം പുനരാരംഭിക്കും. സ്ഥാപനങ്ങൾ പ്രവൃത്തിസമയങ്ങളിൽ മാറ്റംവരുത്തി
ഒമാനിൽ ഒമ്പത് ദിവസത്തെ ബലിപെരുന്നാൾ അവധി നാളെ അവസാനിക്കും. അവധിക്കുശേഷം സർക്കാർ-സ്വകാര്യ ഓഫീസുകൾ നാളെ മുതൽ പ്രവർത്തനം പുനരാരംഭിക്കും. രാജ്യത്ത് സായാഹ്ന ലോക്ഡൗൺ ആരംഭിക്കുന്നതിനാൽ സ്ഥാപനങ്ങളുടെ പ്രവൃത്തി സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.
ഒമാനിൽ നേരത്തെ രാവിലെയും വൈകുന്നേരവും രണ്ട് ഷിഫ്റ്റായി പ്രവർത്തിച്ചിരുന്ന സ്വകാര്യ സ്ഥാപനങ്ങൾ പലതും ഉച്ച വിശ്രമ സമയം ഒഴിവാക്കിയാണ് പ്രവർത്തിക്കുക. പുലർച്ചെ ആറുമുതൽ വൈകുന്നേരം നാലുവരെയാണ് ഹൈപ്പർമാർക്കറ്റുകളുടെ പ്രവർത്തന സമയം. സർക്കാർ ഓഫീസുകളും നാല് മണിക്ക് മുന്‍പേ പ്രവർത്തനം അവസാനിപ്പിക്കും.
സായാഹ്ന ലോക്ഡൗൺ ആരംഭിച്ച ശേഷമുള്ള ആദ്യ പ്രവൃത്തി ദിവസം കൂടിയാണ് നാളെ . നാല് ദിവസത്തെ സമ്പൂർണ ലോക്ഡൗൺ ശനിയാഴ്ച പുലർച്ചെ നാല് മണിക്ക് അവസാനിച്ചു. ലോക്ഡൗൺ നിബന്ധനകളോട് സ്വദേശികളും വിദേശികളും പുലർത്തിയ പ്രതിബദ്ധതയ്ക്ക് നന്ദി അറിയിക്കുന്നതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
Adjust Story Font
16