ഒമാനിൽനിന്ന് ഹജ്ജിന് പോകാൻ അനുമതി ലഭിച്ചവർ ആവശ്യമായ വാകസിനുകൾ എടുക്കണമെന്ന് ആരോഗ്യമന്ത്രാലയം
ഒമാനിൽ അംഗീകരിച്ച രണ്ട് ഡോസ് കോവിഡ് വാക്‌സിൻ, മസ്തിഷ്‌ക രോഗത്തിനെതിരെയുള്ള വാക്സിൻ, സീസണൽ ഫ്‌ളു വാക്സിൻ എന്നിവയാണ് എടുക്കേണ്ടത്.
മസ്‌കത്ത്: ഈ വർഷം ഒമാനിൽനിന്ന് ഹജ്ജിന് പോകാൻ അനുമതി ലഭിച്ച സ്വദേശികളും വിദേശികളടക്കമുള്ളവർ ആവശ്യമായ വാകസിനുകൾ എടുക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ജൂലൈ മൂന്നുവരെ ഒമാനിലെ വിവിധ ആരോഗ്യകേന്ദ്രങ്ങളിലൂടെ വാകസിൻ എടുക്കാവുന്നതാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ഒമാനിൽ അംഗീകരിച്ച രണ്ട് ഡോസ് കോവിഡ് വാക്‌സിൻ, മസ്തിഷ്‌ക രോഗത്തിനെതിരെയുള്ള വാക്സിൻ, സീസണൽ ഫ്‌ളു വാക്സിൻ എന്നിവയാണ് എടുക്കേണ്ടത്. ഹജ്ജിന് പോകുന്നതിന് ചുരുങ്ങിയത് പത്ത് ദിവസം മുമ്പെങ്കിലും കുത്തിവെപ്പെടുത്തിരിക്കേണ്ടതാണ്. അണുബാധയുടെ വ്യാപനം തടയുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി സൗദിയിൽ പ്രവേശിക്കുന്നതിന് മുമ്പ് വാക്സീനേഷൻ പൂർത്തീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഒമാനിൽ നിന്നും ഈ വർഷം 200 വിദേശികൾക്കാണ് ഹജ്ജിന് അവസരം ലഭിച്ചത്. അപേക്ഷ നൽകിയവരിൽനിന്ന് ഓൺലൈൻ വഴി നറുക്കെടുപ്പിലൂടെ ഒമാനിൽ നിന്ന് ഹജ്ജിന് പോകുന്നവരെ തെരഞ്ഞെടുത്തിരിക്കുന്നത്. ഒമാനിൽ ആദ്യമായാണ് നറുക്കെടുപ്പിലൂടെ ഹജ്ജിന് പോവുന്നവരെ കണ്ടെത്തുന്നത്. 23,474 അപേക്ഷകളാണ് ഓൺലൈൻ വഴി ലഭിച്ചത്. ആകെ 6,156 അപേക്ഷകർക്കാണ് ഹജ്ജിന് പോവാൻ അവസരം ലഭിക്കുക. ഇതിൽ 5,956 സീറ്റുകൾ സ്വദേശികൾക്കും 200 സീറ്റുകൾ വിദേശികൾക്കുമായിരിക്കും.
Adjust Story Font
16