ലോകാരോഗ്യ സംഘടനയുടെ മൂന്ന് അവാർഡുകൾ കരസ്ഥമാക്കി ഒമാൻ
ഡോ. ബദർ അൽ റവാഹി, ഡോ. അഹമ്മദ് അൽ വഹൈബി, ഡോ. ജമീല അൽ അബ്രി എന്നിവർ പൊതുജനാരോഗ്യത്തിന് നൽകിയ മികച്ച സംഭാവനകൾക്കാണ് അവാർഡുകൾ നേടിയത്
മസ്‌കത്ത്: ലോകാരോഗ്യ സംഘടനയുടെ മൂന്ന് അവാർഡുകൾ കരസ്ഥമാക്കി ഒമാൻ. ഡോ. ബദർ അൽ റവാഹി, ഡോ. അഹമ്മദ് അൽ വഹൈബി, ഡോ. ജമീല അൽ അബ്രി എന്നിവർ പൊതുജനാരോഗ്യത്തിന് നൽകിയ മികച്ച സംഭാവനകൾക്കാണ് ലോകാരോഗ്യ സംഘടനയുടെ അവാർഡുകൾ നേടിയത്. ആഗോളതലത്തിൽ തന്നെ പൊതുജനാരോഗ്യത്തിനായുള്ള അതുല്യമായ സംഭാവന നൽകിയ 3 ഒമാനികളുൾപ്പെടെ എട്ട് പേർ പുരസ്‌കാര ജേതാക്കളായി.
പ്രതിരോധ കുത്തിവയ്പ്പിലെ മികച്ച പ്രവർത്തനത്തിന് ആരോഗ്യ മന്ത്രാലയത്തിലെ ഡോ അൽ റവാഹി 2024 ലെ പൊതുജനാരോഗ്യത്തിനായുള്ള ഡോ ലീ ജോങ്-വുക്ക് മെമ്മോറിയൽ അവാർഡ് നേടി. കൊറോണ വൈറസ് രോഗ സമയത്ത് (കോവിഡ് -19 പാൻഡെമിക് ) ഒമാനിലെ എല്ലാവർക്കും കോവിഡ് -19 വാക്‌സിനുകൾ ലഭ്യമാക്കുന്നതിൽ അദ്ദേഹം വലിയ പങ്കു വഹിച്ചിട്ടുണ്ട്. രജിസ്‌ട്രേഷൻ നില പരിഗണിക്കാതെ രാജ്യത്തെ 94 ശതമാനം ശതമാനം ജനങ്ങൾക്കും വാക്‌സിനേഷൻ നൽകിയെന്നും ലോകാരോഗ്യ സംഘടന പ്രസ്താവനയിൽ പറഞ്ഞു.
പ്രായമായവർക്കുള്ള ആരോഗ്യ സംരക്ഷണത്തിലും ആരോഗ്യ പ്രോത്സാഹനത്തിലും ഗവേഷണത്തിനുള്ള ഹിസ് ഹൈനസ് ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് സമ്മാനം ആരോഗ്യ മന്ത്രാലയത്തിലെയും ചൈനീസ് ജെറിയാട്രിക്‌സ് സൊസൈറ്റിയിലെയും ഡോക്ടർ അൽ വഹൈബി കരസ്ഥമാക്കി. ഒമാനിലെ പ്രാഥമിക ആരോഗ്യപരിചരണത്തിനുള്ളിൽ പ്രായമായവരുടെ ഉയർന്ന നിലവാരമുള്ള പരിചരണം സമന്വയിപ്പിക്കുന്നതിന് ഡോ അൽ വഹൈബി സുപ്രധാന പങ്ക് വഹിച്ചു. 60 വയസും അതിൽ കൂടുതലുമുള്ള ആളുകൾക്ക് പ്രാഥമിക ആരോഗ്യ പരിരക്ഷയുടെ ഭാഗമായി സ്‌ക്രീനിംഗ്, വിലയിരുത്തൽ, നേരത്തെയുള്ള ഇടപെടലുകൾ എന്നിവ നൽകുന്ന ദേശീയ പരിപാടി വികസിപ്പിക്കുന്നതിൽ അദ്ദേഹം വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്.
പ്രശസ്ത ഒബ്സ്റ്റട്രീഷ്യൻ-ഗൈനക്കോളജിസ്റ്റായ ഡോ.ജമീല തൈസീർ യാസർ അൽ അബ്രി ഇഹ്സാൻ ഡോഗ്റാമാസി ഫാമിലി ഹെൽത്ത് ഫൗണ്ടേഷൻ അവാർഡ് നേടി.സ്തനാർബുദം, മാനസികാരോഗ്യം, ഓട്ടിസം സ്‌പെക്ട്രം തകരാറുകൾ, മറ്റ് കുടുംബാരോഗ്യ പ്രശ്‌നങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ദേശീയ ആരോഗ്യ പരിപാടികൾ പഠിപ്പിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും ഒമാന്റെ 'ഹെൽത്ത് വിഷൻ 2050'ന്റെ ഭാഗമായി സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തിന് വേണ്ടിയുള്ള തന്ത്രപരമായ പദ്ധതികളിൽ സംഭാവന നൽകുന്നതിലും ഡോ.ജമീല തൈസീർ സുപ്രധാന പങ്ക് വഹിച്ചു. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസിന്റെ സാന്നിധ്യത്തിൽ 77-ാമത് വേൾഡ് ഹെൽത്ത് അസംബ്ലി പ്രസിഡന്റ് ബോട്‌സ്വാനയിലെ ഡോ എഡ്വിൻ ഡികോലോട്ടി എട്ട് വിജയികൾക്കും അവാർഡുകൾ നൽകി.
Adjust Story Font
16