കനത്ത മഴയെതുടർന്ന് ഒമാനിൽ വിവിധ വാദികളിൽ അകപ്പെട്ട് മൂന്ന് കുട്ടികൾ മരിച്ചു
വ്യാഴാഴ്ച ദാഖിലിയ ഗവർണറേറ്റിലെ അൽ ഹംറ വിലായത്തിലെ ജബൽ ശംസ് ഗ്രാമത്തിലെ വാദിയിൽപെട്ട് ഏഷ്യൻ വംശജനായ ഒരാൾ മരിച്ചിരുന്നു. വിവിധ ഗവർണറേറ്റുകളിൽ വെള്ളിയാഴ്ചയും ശക്തമായ മഴയാണ് ലഭിച്ചത്.
മസ്‌കത്ത്: കനത്ത മഴയെ തുടർന്ന് ഒമാനിൽ വിവിധ വാദികളിൽ അകപ്പെട്ട് മൂന്ന് കുട്ടികൾ മരിച്ചു. റുസ്താഖ് വിലായത്തിൽ വാദി അൽ-സഹ്താനിൽപ്പെട്ട് രണ്ട് കുട്ടികളും വാദി ബാനി ഔഫിൽ ഒരാളുമാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ വാദിയിൽ അകപ്പെട്ട് മരികുന്നവരുടെ എണ്ണം നാലായി. വാദി അൽ-സഹ്താനിൽ ഒമ്പതും പത്തും വയസുള്ള കുട്ടികളാണ് മരിച്ചതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. നാട്ടുകാർ ചേർന്നാണ് ഇവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തത്. വാദി ബനീ ഔഫിൽ ആറു വയസുള്ള കുട്ടിയാണ് മരിച്ചത്.
വ്യാഴാഴ്ച ദാഖിലിയ ഗവർണറേറ്റിലെ അൽ ഹംറ വിലായത്തിലെ ജബൽ ശംസ് ഗ്രാമത്തിലെ വാദിയിൽപെട്ട് ഏഷ്യൻ വംശജനായ ഒരാൾ മരിച്ചിരുന്നു. വിവിധ ഗവർണറേറ്റുകളിൽ വെള്ളിയാഴ്ചയും ശക്തമായ മഴയാണ് ലഭിച്ചത്. വാദികൾ നിറഞ്ഞൊഴുകുകയാണ്. ഉൾഭാഗങ്ങളിൽ റോഡുകളിലേക്കും ചളിയും മണ്ണും അടിഞ്ഞ് കൂടി ഗതാഗത തടസ്സവും നേരിട്ടു. വിവിധ പ്രദേശങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. വിവിധ ഇടങ്ങളിൽ കുടുങ്ങിയവരെ റോയൽ ഒമാൻ പൊലീസിന്റെയും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെയും നേതൃത്വത്തിൽ രക്ഷപ്പെടുത്തുകയും ചെയ്തു. ശനി, ഞായർ ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നാണ് സിവിൽ ഏവിയേഷൻ അതോറിറ്റി കാലാവസ്ഥാ മുന്നറിയിപ്പിൽ അറിയിച്ചിരിക്കുന്നത്.
Adjust Story Font
16