2025ൽ താമസം മാറുകയാണോ? ഒമാൻ ഏറ്റവും ബജറ്റ് സൗഹൃദ നികുതി രഹിത രാജ്യം
ഒമാൻ കഴിഞ്ഞാൽ കുവൈത്ത്, ബഹ്റൈൻ, യുഎഇ, ബ്രൂണൈ എന്നീ രാജ്യങ്ങളാണ് റാങ്കിംഗിൽ മുൻനിരയിലുള്ളത്
മസ്‌കത്ത്: ഒമാൻ 2024ലെ ഏറ്റവും ബജറ്റ് സൗഹൃദ നികുതി രഹിത രാജ്യം. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ആരോഗ്യ ഇൻഷുറൻസ് ദാതാവായ വില്യം റസ്സൽ നടത്തിയ ഗവേഷണത്തിലാണ് വിലയിരുത്തൽ. തുടർച്ചയായ രണ്ടാം വർഷവും രാജ്യം നേട്ടം കൈവരിച്ചിരിക്കുകയാണ്. 194 രാജ്യങ്ങളിലെ പ്രവാസികളെ ഉൾക്കൊള്ളുന്ന ശൃംഖല വില്യം റസ്സൽ കമ്പനിക്കുണ്ട്.
7.92/10 എന്ന റീലോക്കേഷൻ സ്‌കോറോ(സ്ഥലംമാറ്റ സ്കോർ)ടെയാണ് പ്രവാസികൾക്ക് താമസം മാറാൻ ഏറ്റവും താങ്ങാനാവുന്ന നികുതി രഹിത രാജ്യമായി ഒമാൻ ഗവേഷണത്തിൽ തിരഞ്ഞെടുക്കപ്പെട്ടത്. വിമാന സർവീസ്, വാടക, യൂട്ടിലിറ്റി ബില്ലുകൾ തുടങ്ങിയ റീലോക്കേഷൻ ചെലവ് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനം. ഒമാൻ കഴിഞ്ഞാൽ കുവൈത്ത്, ബഹ്റൈൻ, യുഎഇ, ബ്രൂണൈ എന്നീ രാജ്യങ്ങളാണ് റാങ്കിംഗിൽ മുൻനിരയിലുള്ളത്. മാലിദ്വീപ്, ഖത്തർ, ബഹാമാസ്, മൊണാക്കോ, കേമാൻ ദ്വീപുകൾ എന്നിവയും മികച്ച പത്ത് സ്ഥാനങ്ങളിൽ ഇടം നേടി.
മസ്‌കത്തിലേക്കുള്ള വൺ-വേ ഇക്കണോമി ടിക്കറ്റിന്റെ നിരക്ക് ലണ്ടനിൽ നിന്ന് ഏകദേശം 227 യുഎസ് ഡോളറും ന്യൂയോർക്കിൽ നിന്ന് 492 യുഎസ് ഡോളറുമാണ്. ഇക്കാര്യവും സ്‌കോറിൽ പരിഗണിച്ച ഘടകമാണ്. ഒരു അപ്പാർട്ട്‌മെന്റ് വാങ്ങുന്നതിനോ വാടകയ്ക്കെടുക്കുന്നതിനോ ഏറ്റവും നിരക്ക് കുറഞ്ഞ രാജ്യമാണ് ഒമാൻ. അതുപോലെ പ്രതിമാസ ചെലവുകളുടെ കാര്യത്തിൽ (വാടക ഒഴികെ) ഏറ്റവും താങ്ങാനാവുന്ന രാജ്യവുമാണ്. പ്രതിമാസ യൂട്ടിലിറ്റി ബില്ലുകൾക്ക് ഏറ്റവും നിരക്ക് കുറഞ്ഞ മൂന്നാമത്തെ രാജ്യമാണിത്, ഏകദേശം 103 യുഎസ് ഡോളറാണ് ചെലവാകുക. ഒമാനിലെ ശരാശരി പ്രതിമാസ ശമ്പളം ഏകദേശം 2,205 യുഎസ് ഡോളറാണ്.
6.49 റീലോക്കേഷൻ സ്‌കോറോടെയാണ് രണ്ടാമത്തെ നികുതി രഹിത രാജ്യമായി കുവൈത്ത് തിരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്തേക്കുള്ള സിംഗിൾ ഇക്കണോമി ഫ്‌ളൈറ്റുകൾക്ക് ചെലവ് വരുന്നത് 166 യുഎസ് ഡോളർ മുതൽ 690 യുഎസ് ഡോളർ വരെയാണ്. പ്രതിമാസ ചെലവുകൾക്കും യൂട്ടിലിറ്റി ബില്ലുകൾക്കും ഏറ്റവും താങ്ങാനാവുന്ന രണ്ടാമത്തെ രാജ്യവുമാണ് കുവൈത്ത്.
6.36 റീലോക്കേഷൻ സ്‌കോർ നേടി, ഏറ്റവും താങ്ങാനാവുന്ന നികുതി രഹിത രാജ്യങ്ങളുടെ കൂട്ടത്തിൽ ബഹ്റൈൻ മൂന്നാം സ്ഥാനത്താണ്. അപ്പാർട്ട്‌മെന്റ് ചെലവിൽ രണ്ടാമത്തെ നിരക്ക് കുറഞ്ഞ രാജ്യമാണ് ബഹ്റൈൻ. ഒരു ചതുരശ്ര മീറ്ററിന് ശരാശരി 173 യുഎസ് ഡോളർ നൽകിയാൽ രാജ്യത്ത് ഒരു അപ്പാർട്ട്‌മെന്റ് വാങ്ങാനാകും. ഏറ്റവും താങ്ങാനാവുന്ന പ്രതിമാസ ചെലവുകളും യൂട്ടിലിറ്റി ബില്ലുകളുമുള്ള അഞ്ചാമത്തെ രാജ്യവുമാണിത്.
പ്രവാസികൾക്ക് ഏറ്റവും കുറച്ച് താങ്ങാനാകാത്ത നികുതി രഹിത രാജ്യമാണ് വാനുവാട്ടു, 2.08 ആണ് റീലോക്കേഷൻ സ്‌കോർ. ഒരു വ്യക്തിക്ക് പ്രതിമാസ ചെലവുകൾ ഏകദേശം 1,113 യുഎസ് ഡോളറും യൂട്ടിലിറ്റി ബില്ലുകൾ ഏകദേശം 198 യുഎസ് ഡോളറുമാണ്. വാനുവാട്ടുവിലെ ശരാശരി പ്രതിമാസ ശമ്പളം 616 യുഎസ് ഡോളറാണ്.
Adjust Story Font
16