മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്കയിലെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സ്ഥാനം നേടി ഒമാൻ
ഖത്തർ, സൗദി, ഈജിപ്ത്, ജോർദാൻ തുടങ്ങിയവയ്ക്ക് ശേഷം ആറാമതാണ് രാജ്യം

മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്കയിലെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒമാൻ ഇടം നേടിയതായി യുഎൻ ടൂറിസം റിപ്പോർട്ട്. 2019 നെ അപേക്ഷിച്ച് അന്താരാഷ്ട്ര സഞ്ചാരികളുടെ വരവിൽ 15 ശതമാനം വർധനവ് ഒമാൻ രേഖപ്പെടുത്തി. ഖത്തർ, സൗദി അറേബ്യ, ഈജിപ്ത്, ജോർദാൻ എന്നിവയ്ക്ക് ശേഷം ആറാം സ്ഥാനത്താണ് രാജ്യം.
നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ (എൻസിഎസ്ഐ) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2024 ഡിസംബർ അവസാനത്തോടെ ഒമാനിലേക്ക് ആകെ 3.89 ദശലക്ഷം സന്ദർശകർ എത്തി. എൻസിഎസ്ഐയുടെ റിപ്പോർട്ട് അനുസരിച്ച്, യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ (യുഎഇ) നിന്നുള്ള സന്ദർശകർ (11,85,880 പേർ) പട്ടികയിൽ ഒന്നാമതെത്തി. 6,23,623 സന്ദർശകരുമായി ഇന്ത്യ രണ്ടാമതാണ്. 203,055 പേരുമായി യെമൻ മൂന്നാം സ്ഥാനത്താണ്.
തന്ത്രപരമായ സ്ഥാനം ഉള്ളതിനാൽ ഒമാൻ പ്രാദേശിക ടൂറിസം കേന്ദ്രമായി മാറുകയാണെന്നും അയൽ ഗൾഫ് രാജ്യങ്ങളിൽ നിന്നും അതിനപ്പുറത്ത് നിന്നുമുള്ള സന്ദർശകരെ ആകർഷിക്കുന്നുവെന്നും എൻസിഎസ്ഐ പറഞ്ഞു. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, പ്രമോഷണൽ കാമ്പയിനുകൾ, വിസ നടപടിക്രമങ്ങൾ ലളിതമാക്കൽ എന്നിവയിലൂടെ ടൂറിസം മേഖലയെ മെച്ചപ്പെടുത്താനുള്ള രാജ്യത്തിന്റെ ശ്രമങ്ങളാണ് സഞ്ചാരികളുടെ വർധനവ് പ്രതിഫലിപ്പിക്കുന്നത്. ഉയർന്ന ഗതാഗത, ആശയവിനിമയ ചെലവുകൾ, യാത്രാ ആവശ്യകതകൾ, സാമ്പത്തിക ഘടകങ്ങൾ, രാഷ്ട്രീയ പ്രതിസന്ധികൾ, കഠിനമായ കാലാവസ്ഥ എന്നിവയാണ് വിനോദസഞ്ചാരികൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ.
Adjust Story Font
16