ഒമാൻ ദേശീയ ഫോസിൽ ശേഖരണ ഡാറ്റ ബുക്ക്ലെറ്റ് പുറത്തിറക്കി
പൈതൃക വിനോദസഞ്ചാര മന്ത്രാലയമാണ് ബുക്ക്ലെറ്റ് പുറത്തിറക്കിയത്
മസ്‌കത്ത്: ഒമാൻ ദേശീയ ഫോസിൽ ശേഖരണ ഡാറ്റ ബുക്ക്ലെറ്റ് പുറത്തിറക്കി. നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ ശേഖരങ്ങളിൽ നിന്നുള്ള ഡോക്യുമെന്റേഷൻ റിലീസ് പരമ്പരയുടെ രണ്ടാം ഘട്ടമായാണ് 111 പേജുള്ള ബുക്ക്ലെറ്റ് പ്രസിദ്ധീകരിച്ചത്. ഫോസിലുകൾ, അവയുടെ രൂപവത്കരണങ്ങൾ, വർഗീകരണങ്ങൾ, മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന മാതൃകകളുടെ ശാസ്ത്രീയ നാമങ്ങൾ എന്നിവയെക്കുറിച്ചുള്ള ആമുഖം ബുക്ക്‌ലെറ്റ് നൽകുന്നു. മ്യൂസിയത്തിലെ ദേശീയ ഫോസിൽ ശേഖരത്തിൽ 1,400-ലധികം മാതൃകകളുണ്ട്.
വിവിധ ഫോസിലുകളുടെ വിവരണവും ശേഖരിച്ച സ്ഥലമടക്കമുള്ള വിവരങ്ങളും ബുക്ക്ലെറ്റ് രേഖപ്പെടുത്തുന്നു. നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ഏറ്റവും പഴക്കമുള്ള ഫോസിൽ 570 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള ഏകകോശ ആൽഗ ഫോസിലാണ്. ദുക്മിനടുത്തുള്ള സിദ്ർ പ്രദേശത്ത് നിന്നാണ് ഇത് കണ്ടെത്തിയത്.
ദിനോസറുകൾ, ആനകൾ, കുരങ്ങുകൾ എന്നിവയുൾപ്പെടെ വംശനാശം സംഭവിച്ച മൃഗങ്ങളുടെ അസ്ഥികൾ, മരങ്ങൾ, അതുപോലെ ഉരഗങ്ങളുടെയും ഉഭയജീവികളുടെയും ഫോസിലുകൾ, മുതലകൾ, കടലാമകൾ തുടങ്ങിയവയാണ് ദേശീയ ഫോസിൽ ശേഖരണത്തിലുള്ളത്.
Adjust Story Font
16