Quantcast

2024നും 2026നും ഇടയിലെ വെള്ളപ്പൊക്ക സാധ്യതാ ഭൂപടം തയ്യാറാക്കാൻ ഒമാൻ

ഭൂപടം തയ്യാറാക്കാനും അടിയന്തര പദ്ധതി വികസിപ്പിക്കാനുമായി പ്രത്യേക കമ്പനിയെ ചുമതലപ്പെടുത്തി

MediaOne Logo

Web Desk

  • Published:

    27 Aug 2024 8:41 AM GMT

Oman to prepare flood risk map
X

മസ്‌കത്ത്: 2024നും 2026നും ഇടയിലായി ഒമാനിലെ വെള്ളപ്പൊക്ക അപകട സാധ്യതാ ഭൂപടം തയ്യാറാക്കാനും മാനേജ്മെന്റ്, എമർജൻസി പദ്ധതികൾ വികസിപ്പിക്കുന്നതിനുമായി ഒമാൻ കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം (MoAFWR) പ്രത്യേക കമ്പനിയെ ചുമതലപ്പെടുത്തി. താഴ്ന്ന തീരപ്രദേശങ്ങളിലും വാദികളിലും വർദ്ധിച്ചുവരുന്ന വെള്ളപ്പൊക്ക ഭീഷണിയെ നേരിടാൻ ലക്ഷ്യമിട്ടാണ് പദ്ധതി.

സമുദ്രനിരപ്പ് ഉയരുന്നതും കൊടുങ്കാറ്റും മൂലം തീവ്ര കാലാവസ്ഥയുള്ളപ്പോൾ ഒമാനിലെ നഗര തീരപ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്. മസ്‌കത്ത് നഗരത്തിന്റെ 45% ഭാഗത്തും വാദികളിലെ വെള്ളപ്പൊക്കം ബാധിക്കുമ്പോൾ 20% ഭാഗം തീരപ്രദേശത്തെ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഇത്തരം ഭീഷണികൾ ലഘൂകരിക്കുന്നതിനായുള്ള പദ്ധതി നിലവിലുള്ള വെള്ളപ്പൊക്ക ഭൂപടം തയ്യാറാക്കുകയും വെള്ളപ്പൊക്ക സമതലങ്ങളെ തിരിച്ചറിയുകയും അവയെ ഉയർന്ന, ഇടത്തരം, താഴ്ന്ന അപകട മേഖലകളായി തരംതിരിക്കുകയും ചെയ്യും.

തീവ്ര കാലാവസ്ഥയുള്ളപ്പോൾ ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനും സ്വത്ത് സംരക്ഷിക്കുന്നതിനും വെള്ളപ്പൊക്ക സാധ്യതാ ഭൂപടം നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്മെന്റിനെ (NCEM) സഹായിക്കുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. നഗരാസൂത്രണത്തിനും ഈ ഭൂപടം നിർണായകമാണ്. വാദികൾക്ക് സമീപമുള്ള നിർമാണം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്നും അപകടസാധ്യതകൾ കുറയ്ക്കുന്നുവെന്നും ഉറപ്പാക്കാനും സഹായിക്കുന്നു.

മൂന്ന് പ്രധാന ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക. ആദ്യത്തെ ഡാറ്റ വിശകലന ഘട്ടം 12 മാസം നീണ്ടുനിൽക്കും. മഴയുടെ തോതും അനുബന്ധ കാര്യങ്ങളുമാണ് ഈ ഘട്ടത്തിൽ പഠിക്കുക.

ഏഴ് മാസമെടുക്കുന്ന രണ്ടാം ഘട്ടത്തിൽ, വെള്ളപ്പൊക്കത്തിന്റെ തോത് വിലയിരുത്താനും പ്രാഥമിക വാദികൾ തിരിച്ചറിയാനുമായി നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് വിശദ വെള്ളപ്പൊക്ക അപകടസാധ്യതാ ഭൂപടം തയ്യാറാക്കും. അഞ്ച് മാസം നീണ്ടുനിൽക്കുന്ന അവസാന ഘട്ടത്തിൽ, വെള്ളപ്പൊക്ക അപകടസാധ്യത കൈകാര്യം ചെയ്യാനുള്ള പദ്ധതികളും അടിയന്തര നടപടികളും വികസിപ്പിക്കും. വെള്ളപ്പൊക്ക നിയന്ത്രണത്തിനുള്ള പ്രോട്ടോക്കോൾ തയ്യാറാക്കുക, ജലപാത അതിർത്തി നിർണയിക്കാനും അടിയന്തര പ്രതികരണങ്ങൾക്കുമായുള്ള ശിപാർശകൾ നൽകുക എന്നിവയാണ് ഈ ഘട്ടത്തിൽ ഉൾപ്പെടുക.

TAGS :

Next Story