ഇന്ത്യയിൽ നടക്കുന്ന ജി-20 രാജ്യങ്ങളുടെ ഉച്ചകോടിയിൽ ഒമാൻ അതിഥിരാജ്യമാകും
2023സെപ്തംബർ 9,10 തിയതികളിലാണ് ഉച്ചകോടി തീരുമാനിച്ചിട്ടുള്ളത്
മസ്കത്ത്: അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ജി-20 രാജ്യങ്ങളുടെ ഉച്ചകോടിയിൽ ഒമാൻ അതിഥിരാജ്യമാകും. 2023സെപ്തംബർ 9,10 തിയതികളിലാണ് ഉച്ചകോടി തീരുമാനിച്ചിട്ടുള്ളത്. ഒമാനെ അതിഥി രാജ്യമായി പങ്കെടുക്കാൻ ഇന്ത്യയിലേക്കുള്ള ക്ഷണം ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ അടയാളമാണെന്ന് മസ്‌കത്തിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ് പറഞ്ഞു. ഗൾഫ് മേഖലയിലെ ഇന്ത്യയുടെ ഉത്തമ പങ്കാളിയാണ് ഒമാൻ. ഇന്ത്യക്കും ഒമാനും ഇടയിൽ കൂടുതൽ സഹകരണങ്ങൾ രൂപപ്പെടുത്തുന്നതിനും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും ഉച്ചകോടിയിലെ ഒമാന്റെ പങ്കാളിത്തം വഴിയൊരുക്കുമെന്നും അമിത് നാരംഗ് പറഞ്ഞു.
ബംഗ്ലാദേശ്, ഈജിപ്ത്, മൗറീഷ്യസ്, നെതർലാൻഡ്‌സ്, നൈജീരിയ, യു.എ.ഇ, സിംഗപ്പൂർ, സ്‌പെയിൻ എന്നീ രാജ്യങ്ങളെയും അതിഥികളായി പങ്കെടുപ്പിക്കും. ന്യൂഡൽഹിയിലാണ് ഉച്ചകോടി അരങ്ങേറുക. യു.കെ, യു.എസ്.എ, അർജൻറീന, ആസ്ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, ദക്ഷിണകൊറിയ, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, യൂറോപ്യൻ യൂനിയൻ എന്നിവയാണ് ജി-20യിലെ ഇന്ത്യക്ക് പുറമെയുള്ള അംഗ രാജ്യങ്ങൾ.
ഇൻറർനാഷണൽ സോളാർ അലയൻസ്, കോയിലേഷൻ ഫോർ ഡിസാസ്റ്റർ റസിലിയൻറ് ഇൻഫ്രാസ്ട്രക്ചർ, ഏഷ്യൻ ഡെവലപ്മെൻറ് ബാങ്ക് എന്നീ അന്താരാഷ്ട്ര സംഘടനകളെയും ഉച്ചകോടിക്ക് ക്ഷണിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ അറിയിച്ചു. ജി-20രാജ്യങ്ങളാണ് ആഗോള ജി.ഡി.പിയുടെ 85 ശതമാനവും അന്താരാഷ്ട്ര വ്യാപാരത്തിൻറെ 75 ശതമാനവും ലോക ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും നിയന്ത്രിക്കുന്നത്. അന്താരാഷ്ട്ര സാമ്പത്തിക സഹകരണത്തിനുള്ള പ്രധാന ഫോറം എന്ന നിലയിലാണ് കൂട്ടായ്മ വിലയിരുത്തപ്പെടുന്നത്.
Adjust Story Font
16