ഒമാൻ റിയാലിന്റെ വിനിമയ നിരക്ക് ഉയർന്നു; ഒരു റിയാലിന് 217.85 രൂപ
ഒമാൻ റിയാലിന്റെ വിനിമയ നിരക്ക് കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ഉയരാൻ തുടങ്ങിയത്
മസ്‌കത്ത്:ഒമാൻ റിയാലിന്റെ വിനിമയ നിരക്ക് വീണ്ടും ഉയർന്നു. ഒരു ഒമാനി റിയാലിന് 217.85 രൂപ എന്ന നിരക്കാണ് ഒമാനിലെ വിനിമയസ്ഥാപനങ്ങൾ ബുധനാഴ്ച നൽകിയത്. അമേരിക്കൻ ഡോളർ ശക്തി പ്രാപിച്ചതാണ് ഇന്ത്യൻ രൂപയുടെ വിലയിടിയാൻ കാരണം.
ഒമാൻ റിയാലിന്റെ വിനിമയ നിരക്ക് കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ഉയരാൻ തുടങ്ങിയത്. ബുധനാഴ്ച ഒരു ഡോളറിന് 83.95 രൂപയാണ് വിനിമയ നിരക്ക്. ഒമാൻ റിയാലിന്റെ വിനിമയ നിരക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഡോളർ ശക്തി പ്രാപിച്ചതും മറ്റു കറൻസികളെ അപേക്ഷിച്ച് ഡോളർ ഇൻഡക്‌സ് ഉയർന്നതുമാണ് ഇന്ത്യൻ രൂപയെ പ്രതികൂലമായി ബാധിച്ചത്. 102.9 പോയിൻറായിരുന്നു ഡോളർ ഇൻഡക്‌സ്. ഇതോടെ എല്ലാ ഏഷ്യൻ രാജ്യങ്ങളുടെയും കറൻസി തകർച്ച നേരിടുന്നുണ്ട്. 0.1 ശതമാനം മുതൽ 0.9 ശതമാനം വരെയാണ് വിവിധ ഏഷ്യൻ രാജ്യങ്ങളുടെ തകർച്ച നിരക്ക്. അമേരിക്കയിൽ സാമ്പത്തിക മാന്ദ്യം ഉണ്ടാവുമെന്ന ഭീതിയും ഇന്ത്യൻ രൂപയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഒമാനി റിയാലിന്റെ വിനിമയ നിരക്ക് സർവകാല റിക്കാർഡിലെത്തിയിട്ടും വിനിമയ സ്ഥാപനങ്ങളിൽ വലിയ തിരക്കൊന്നും അനുഭവപ്പെടുന്നില്ല.
Adjust Story Font
16