ഒമാനിൽ ചെറിയ പെരുന്നാൾ മാർച്ച് 31ന് ആകാൻ സാധ്യതയെന്ന് ജ്യോതിശാസ്ത്രജ്ഞർ
പെരുന്നാളിനോടനുബന്ധിച്ച് ഇത്തവണ നീണ്ട അവധി പ്രതീക്ഷയിലാണ് പ്രവാസികൾ

മസ്‌കത്ത്: ഒമാനിൽ ചെറിയ പെരുന്നാൾ മാർച്ച് 31ന് ആകാനാണ് സാധ്യതയെന്ന് ഒമാൻ ജ്യോതിശാസ്ത്ര സൊസൈറ്റി നിരീക്ഷണ തലവൻ അബ്ദുൾവഹാബ് അൽ ബുസൈദി. റമളാൻ 29 ആയ മാർച്ച് 29ന് മസ്‌കത്തിൽ, വൈകുന്നേരം 6:21നാണ് സൂര്യാസ്തമയം കണക്കാക്കുന്നത്. തുടർന്ന് വൈകുന്നേരം 6:26ന് ചന്ദ്രാസ്തമയവും സംഭവിക്കുന്നു. ചന്ദ്രൻ അഞ്ച് മിനിറ്റ് മാത്രമേ ചക്രവാളത്തിൽ ഉണ്ടാകൂ. ചന്ദ്രക്കല ചക്രവാളത്തിന് ഏകദേശം രണ്ട് ഡിഗ്രി മുകളിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രകാശ തീവ്രത 0.4% ആയിരിക്കും. അതിനാൽ മാർച്ച് 29ന് ചന്ദ്രനെ കാണുന്നത് മിക്കവാറും അസാധ്യമായിരിക്കുമെന്ന് അബ്ദുൾവഹാബ് അൽ ബുസൈദി പറഞ്ഞു.അതിനാൽ തന്നെ ഒമാനിൽ റമദാൻ 30 ദിവസങ്ങൾ പൂർത്തിയാക്കി ഈദുൽ ഫിത്തർ മാർച്ച് 31 തിങ്കളാഴ്ചയായിരിക്കും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ റമദാൻ 29ന് വൈകുന്നേരം ദേശീയ ചന്ദ്രക്കല നിരീക്ഷണ സമിതി യോഗം ചേരും. സൂക്ഷ്മമായ പരിശോധനയ്ക്ക് ശേഷം ശവ്വാൽ ആരംഭിക്കുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പുറത്തുവിടും. അതേസമയം പെരുന്നാളിനോടനുബന്ധിച്ച് ഇത്തവണ നീണ്ട അവധി പ്രതീക്ഷയിലാണ് പ്രവാസികൾ ഉൾപ്പെടെയുള്ളവർ. വാരാന്ത്യാ അവധി കൂടിച്ചേർത്ത് 9 ദിവസം എങ്കിലും അവധി ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Adjust Story Font
16