2025ലേക്കുള്ള ഒമാന്റെ പൊതു ബജറ്റ് അവതരിപ്പിച്ചു
പ്രതീക്ഷിക്കുന്ന വരുമാനം 11.18 ശതകോടി റിയാൽ
മസ്‌കത്ത്: സാമൂഹിക ക്ഷേമത്തിനും സാമ്പത്തിക സ്ഥിരതക്കും മുൻഗണന നൽകി 2025ലേക്കുള്ള ഒമാന്റെ പൊതു ബജറ്റ് അവതരിപ്പിച്ചു. സുസ്ഥിര സാമ്പത്തിക വളർച്ച നേടുകയെന്ന സുപ്രധാന ലക്ഷ്യത്തിലാണ് പൊതുബജറ്റെന്ന് ധനമന്ത്രി ധനമന്ത്രി സുൽത്താൻ സാലിം അൽ ഹബ്സി പറഞ്ഞു.
എണ്ണ വില ശരാശരി ബാരലിന് 60 യു.എസ്. ഡോളർ കണക്കാക്കിയാണ് ധനകാര്യമന്ത്രാലയം ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. ഈ വർഷം ഏകദേശം 11.18 ശതകോടി റിയാൽ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. 2024ൽ കണക്കാക്കിയ വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 1.5 ശതമാനത്തിന്റെ വർധനവാണ്. പൊതു കടം തിരിച്ചടവിനായി 1.834 ശതകോടി റിയാലും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. സ്ഥിരമായ വിലയിൽ കുറഞ്ഞത് മൂന്ന് ശതമാനമെങ്കിലും യഥാർത്ഥ ജി.ഡി.പി വളർച്ചാ നിരക്ക് കൈവരിക്കാൻ ബജറ്റ് ലക്ഷ്യമിടുന്നു. വികസന പദ്ധതികൾ നടപ്പാക്കുന്നതിന് രാജ്യത്തെ വിവിധ പ്രവിശ്യകൾക്ക് ആവശ്യമായ വിഭവങ്ങൾ അനുവദിക്കുന്നുണ്ട്. മൊത്തം ചെലവുകൾ 1.3 ശതമാനം വർധിച്ച് 11.8 ശതകോടി റിയാൽ ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നത്. ആകെ വരുമാനത്തിന്റെ 5.5 ശതമാനത്തിന് തുല്യമായ കമ്മിയാണ് ബജറ്റ് പ്രവചിക്കുന്നത്.
മൊത്തം ചെലവിന്റെ 42 ശതമാനം (അഞ്ച് ദശലക്ഷം റിയാൽ) സാമൂഹിക ക്ഷേമത്തിനും അവശ്യ മേഖലകൾക്കും ആണ് അനുവദിച്ചിരിക്കുന്നത്. ഇതിൽ 39 ശതമാനം വിദ്യാഭ്യാസത്തിനാണ്. 28 ശതമാനം സാമൂഹിക സുരക്ഷാ പദ്ധതികൾക്കും 24 ശതമാനം ആരോഗ്യരക്ഷാ മേഖലക്കും അനുവദിച്ചു. പുറമെ, 557 മില്യൻ റിയാൽ സാമൂഹിക സുരക്ഷാ പദ്ധതിക്ക് അനുവദിച്ചു. ഇൻഷൂറൻസ് കവറേജ് ശക്തിപ്പെടുത്താനും സമൂഹത്തിലെ ആലംബഹീനർക്ക് തുല്യമായ സഹായം നൽകാനും ലക്ഷ്യമിട്ടാണിത്. 1.14 ബില്യൻ റിയാൽ വികസന പദ്ധതികൾക്കായും നീക്കിവെച്ചു.
സാമൂഹിക സുരക്ഷാ പദ്ധതികൾ 577 ശതകോടി റിയാലും വൈദ്യുതി മേഖല 520 ശതകോടി റിയാലും വെള്ളം, മലിനജല സൗകര്യം 194 മില്യൻ റിയാലും പെട്രോളിം ഉത്പന്നങ്ങളുടെ സബ്സിഡി 35 മില്യൻ റിയാലും അനുവദിച്ചിട്ടുണ്ട്. എല്ലാ വ്യവസ്ഥകളും തയ്യാറാകുന്നതുവരെ രാജ്യത്ത് വ്യക്തികൾക്ക് ആദായ നികുതി ചുമത്തല്ലൈന്നും മന്ത്രി പറഞ്ഞു.
Adjust Story Font
16