ഒമാൻ സുൽത്താന്‍റെ ഇന്ത്യാ സന്ദർശനത്തിന് തുടക്കം; ഡല്‍ഹിയില്‍ ഈഷ്മള വരവേൽപ്
പ്രസിഡന്‍റ് ദ്രൗപദി മുർമുവിന്‍റെ ക്ഷണം സ്വീകരിച്ചെത്തിയ ഒമാന്‍ സുൽത്താന് നാളെ രാഷ്ട്രപതിഭവനിൽ ഔദ്യോഗിക സ്വീകരണം നൽകും
ഒമാന്‍ സുല്‍ത്താന്‍ ഹൈഥം ബിന്‍ താരിഖിനെ കേന്ദ്രമന്ത്രി വി. മുരളീധരന്‍ സ്വീകരിക്കുന്നു
ന്യൂഡല്‍ഹി: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന് ഡല്‍ഹിയില്‍ ഊഷ്മള വരവേൽപ്. വൈകീട്ടോടെ ന്യൂഡൽഹിയിലെത്തിയ സുൽത്താനെയും പ്രതിനിധി സംഘത്തെയും വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍റെ നേതൃത്വത്തിൽ സ്വീകരിച്ചു. ഇതാദ്യമായാണ് സുല്‍ത്താന്‍ ഹൈഥം ഇന്ത്യ സന്ദര്‍ശിക്കുന്നത്.
മൂന്നു ദിവസത്തെ സിംഗപ്പൂർ സന്ദർശനം പൂർത്തിയാക്കിയാണ് സുൽത്താൻ ഇന്ന് രാജ്യത്തെത്തിയത്. പ്രസിഡന്‍റ് ദ്രൗപദി മുർമുവിന്‍റെ ക്ഷണം സ്വീകരിച്ചെത്തിയ സുൽത്താന് രാഷ്ട്രപതിഭവനിൽ ശനിയാഴ്ച ഔദ്യോഗിക സ്വീകരണം നൽകും. ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയും നടത്തും. പ്രാദേശിക സ്ഥിരത, വികസനം, സമൃദ്ധി എന്നിവക്കായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഭാവിസഹകരണ പദ്ധതികള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.
ഇന്ത്യയിലെ നിരവധി മന്ത്രിമാരുമായി ഒമാൻ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തും. വിവിധ മേഖലകളിൽ ധാരണാപത്രങ്ങളിലും ഒപ്പുവെക്കും. നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടും സുൽത്താൻ സന്ദർശിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിലെ സുപ്രധാന നാഴികക്കല്ലാണ് സുൽത്താന്‍റെ സന്ദർശനമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഗൾഫ് മേഖലയിൽ ഇന്ത്യയുടെ ഏറ്റവും അടുത്ത പ്രതിരോധ പങ്കാളിയാണ് ഒമാൻ. ദുക്കമില്‍ ഇന്ത്യയുടെ നേവി ആക്‌സസ് അനുവദിക്കുന്നതിന് നേരത്തെ ഇരുരാഷ്ട്രങ്ങളും തമ്മില്‍ ധാരണയിലെത്തിയിരുന്നു. ത്രിദിന സന്ദർശനം പൂർത്തിയാക്കി സുൽത്താൻ ഞായറാഴ്ച മസ്കത്തിലേക്ക് തിരിക്കും.
Summary: Sultan Haitham bin Tariq, the ruler of Oman, received a warm welcome in Delhi, in his first visit to India
Adjust Story Font
16