ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾക്കെതിരെ രക്ഷിതാക്കൾ; ബോർഡ് ചെയർമാന് നിവേദനം നൽകി
ഇന്ത്യൻ സ്‌കൂളുകളിൽ പഠന-പഠനേതര വിഷയങ്ങൾ ചർച്ച ചെയ്തിരുന്ന ഓപ്പൺ ഫോറങ്ങൾ പൂർണമായും നിലച്ചതിനെതിരെ രക്ഷിതാക്കൾക്കിടയിൽ പ്രതിഷേധം ഉണ്ട്
ഒമാനിൽ ഇന്ത്യൻ സ്‌കൂളുകളിലെ രക്ഷിതാക്കളുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്‌കൂൾ ബോർഡ് ചെയർമാന് നിവേദനം നൽകി. സ്‌കൂളിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെ ഇടയിൽ ഉയർന്നിട്ടുള്ള വിവിധ പരാതികൾ ചർച്ച ചെയ്യുന്നതിനായി നിർത്തി വെച്ചിരിക്കുന്ന സ്‌കൂൾ ഓപ്പൺ ഫോറം ഉടൻ വിളിച്ചു ചേർക്കണമെന്നും രക്ഷിതാക്കൾ അഭ്യർഥിച്ചു.
ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡിൻറെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്ന കമ്മ്യുനിറ്റി സ്‌കൂളുകളിലാണ് ഒമാനിലെ ഭൂരിപക്ഷം ഇന്ത്യൻ വിദ്യാർഥികളും പഠിക്കുന്നത്. ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് അംഗീകരിച്ച പർച്ചേസ് മാനുവലിന് അനുസൃതമായി, എല്ലാ ഇന്ത്യൻ സ്‌കൂളുകൾക്കുമായി ഇൻഷുറൻസ് കമ്പനികളിൽനിന്ന് പബ്ലിക് ടെൻഡർ ക്ഷണിച്ച് കേന്ദ്രീകൃതമായ ഇൻഷുറൻസ് പദ്ധതി നടപ്പാക്കണമെന്നും രക്ഷിതാക്കൾ നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഇന്ത്യൻ സ്‌കൂളുകളിൽ പഠന-പഠനേതര വിഷയങ്ങൾ ചർച്ച ചെയ്യുകയും പരാതികളും മറ്റും സ്വീകരിക്കുകയും ചെയ്തിരുന്ന ഓപ്പൺ ഫോറങ്ങൾ പൂർണമായും നിലച്ചതിനെതിരെ രക്ഷിതാക്കൾക്കിടയിൽ പ്രതിഷേധം ഉണ്ട്. രക്ഷിതാക്കൾ നൽകിയ നിവേദനത്തിലെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്നും ഉന്നയിക്കപ്പെട്ട പരാതികൾക്ക് കഴിവതും വേഗം തീർപ്പുണ്ടാക്കാൻ ഇടപെടുമെന്നും ചെയർമാൻ ഉറപ്പു നൽകിയതായി രക്ഷിതാക്കൾ അറിയിച്ചു.എന്നാൽ മുൻകാലങ്ങളിൽ നൽകിയ ഉറപ്പുകളിൽ നിന്നും ബോർഡ് വ്യതിചലിച്ചതിൽ രക്ഷിതാക്കൾ ശക്തമായ പ്രതിഷേധം ചെയർമാനെ അറിയിച്ചു.
Adjust Story Font
16