'സർക്കാരും സ്വകാര്യമേഖലയും തമ്മിലുള്ള പങ്കാളിത്തം ശക്തമാക്കണം'; ഒമാൻ സുൽത്താൻ
ബിസിനസ് ഉടമകളുമായും സംരഭകരുമായും സുൽത്താൻ കൂടിക്കാഴ്ച നടത്തി
മസ്‌കത്ത്: പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ വികസിപ്പിക്കാനും ഗുണനിലവാരം മെച്ചപ്പെടുത്താനും സ്വകാര്യമേഖലാ കമ്പനികളോട് ആവശ്യപ്പെട്ട് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്. അൽ ബറക കൊട്ടാരത്തിൽ വെച്ച് രാജ്യത്തെ ബിസിനസ് ഉടമകളും ചെറുകിട, ഇടത്തരം സംരംഭങ്ങളുടേയും സ്റ്റാർട്ടപ്പുകളുടേയും വളർന്നുവരുന്ന കമ്പനികളുടെയും പ്രതിനിധികളുമയും നടന്ന കൂടിക്കാഴ്ചയിലായിരുന്നു സുൽത്താന്റെ ആവശ്യം.
ഭരണകൂടവും സ്വകാര്യമേഖലയും തമ്മിലുള്ള പങ്കാളിത്തത്താൽ രാജ്യത്ത് കൈവരിച്ച നേട്ടങ്ങളെയും ഫലങ്ങളെയും കുറിച്ച് സുൽത്താൻ എടുത്തുപറഞ്ഞു. ആഗോള വിപണിയിൽ മത്സരിക്കുന്നതിനായി പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ വികസിപ്പിക്കാനും ഗുണനിലവാരം മെച്ചപ്പെടുത്താനും സ്വകാര്യമേഖലാ കമ്പനികളോട് സുൽത്താൻ നിർദ്ദേശിച്ചു. രാജ്യത്തിന്റെ ക്രെഡിറ്റ് റേറ്റിങിന്റെ തുടർച്ചയായ പുരോഗതി ബിസിനസുകാരുടെയും നിക്ഷേപകരുടെയും ആത്മവിശ്വാസം വർധിപ്പിക്കുന്നതാണ്. വിവിധ സാമ്പത്തിക മേഖലകളെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്ന ആകർഷകമായ നിക്ഷേപ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരും സ്വകാര്യമേഖലയും തമ്മിലുള്ള പങ്കാളിത്തം ശക്തമാക്കാൻ ആഗ്രഹിക്കുന്നുണ്ട്, ഇത്തരം കൂടിക്കാഴ്ചകൾ വ്യവസായികളുടെ അഭിപ്രായങ്ങൾ കേൾക്കുന്നതിനും ഈ മേഖല നേരിടുന്ന വെല്ലുവിളികളും നിർദേശങ്ങളും ചർച്ചചെയ്യാനും സഹായിക്കും. ആഗോള ബാങ്കിങ്, സാമ്പത്തിക നയങ്ങൾ എന്നിവയിൽ സംഭവിക്കുന്ന സംഭവവികാസങ്ങളുടെ വേഗത നിലനിർത്താൻ അദ്ദേഹം ഒമാനി ബാങ്കിങ് മേഖലയോടും നിർദ്ദേശിച്ചു.
Adjust Story Font
16