വക്കാൻ ഗ്രാമത്തിൽ കേബിൾ കാറുകൾ സ്ഥാപിക്കാൻ പദ്ധതി; ടെൻഡർ ക്ഷണിച്ചു
32,000 വിനോദ സഞ്ചാരികളാണ് കഴിഞ്ഞ വർഷം വക്കാനിൽ എത്തിയത്
മസ്കത്ത്: ഒമാനിലെ പ്രധാന ടൂറിസ്റ്റ് സ്ഥലങ്ങളിലൊന്നായ വക്കാൻ ഗ്രാമത്തിൽ കേബിൾ കാറുകൾ സ്ഥാപിക്കാൻ പദ്ധതിയുമായി അധികൃതർ. പ്രകൃതി ദൃശ്യങ്ങൾ കൊണ്ട് സമ്പന്നമായ ഈ പ്രദേശത്തേക്ക് റോഡ്, കേബിൾ കാർ എന്നീ പദ്ധതികൾ ഒരുക്കാൻ ടെൻഡർ ക്ഷണിച്ചതായി തെക്കൻ ബാത്തിന ഗവർണറേറ്റ് അറിയിച്ചു.
അർബൻ എൻജിനീയറിങ് കൺസൾട്ടൻസി, സിവിൽ എൻജിനീയറിങ്, ആർക്കിടെക്ചർ, പ്രോജക്ട് മാനേജ്‌മെൻറ് തുടങ്ങിയവയിൽ വൈദഗ്ധ്യമുള്ള കമ്പനികളിൽ നിന്നാണ് ടെൻഡർ ക്ഷണിച്ചത്. ഈ വർഷത്തിന്‍റെ തുടക്കത്തിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ വക്കാൻ ഗ്രാമത്തിന്‍റെ വികസനത്തിന് സമയപരിധി നിശ്ചയിക്കാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് നിർദ്ദേശം നൽകിയിരുന്നു.
ഇതേതുടർന്ന് മന്ത്രിമാരടക്കമുള്ള പ്രതിനിധി സംഘ സ്ഥലം സന്ദർശിക്കുകയും വികസന കാര്യങ്ങളുമായി ബന്ധപ്പെട്ട ഗ്രാമത്തിലെ അധികൃതരുമായി സംസാരിക്കുകയും ചെയ്തിരുന്നു. 32,000 വിനോദ സഞ്ചാരികളാണ് കഴിഞ്ഞ വർഷം വക്കാനിൽ എത്തിയത്.
സമുദ്രനിരപ്പിൽനിന്ന് 2000 മീറ്റർ ഉയരത്തിൽ, പടിഞ്ഞാറൻ ഹജർ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന വക്കാൻ ഗ്രാമം മസ്കത്തിൽനിന്ന് 150 കിലോമീറ്റർ അകലെയാണ്. മിതമായ വേനൽക്കാലവും കുറഞ്ഞ ശൈത്യകാല താപനിലയും ഈ പ്രദേശത്തിന്റെ സവിശേഷതയാണ്. പുതിയ പദ്ധതി ഗ്രാമത്തിന്‍റെ മുഴുവൻ സാധ്യതകളും പ്രയേജനപ്പെടുത്തി മുൻനിര ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാകാനാണ് വക്കാൻ ഒരുങ്ങുന്നത്.
Adjust Story Font
16