സുൽത്താൻ ഹൈതം സിറ്റിയിൽ 'ഫ്യൂച്ചറിസ്റ്റിക് യൂണിവേഴ്‌സിറ്റി' സ്ഥാപിക്കാനുള്ള പദ്ധതികൾക്ക് തുടക്കം
സുൽത്താൻ ഹൈതം സിറ്റിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി സ്ട്രാബാഗ് ഒമാൻ കമ്പനിയുമായാണ് ഭവന, നഗരാസൂത്രണ മന്ത്രാലയം കരാർ ഒപ്പുവെച്ചിട്ടുള്ളത്.
മസ്‌ക്കത്ത്: സുൽത്താൻ ഹൈതം സിറ്റിയിൽ 'ഫ്യൂച്ചറിസ്റ്റിക് യൂണിവേഴ്സിറ്റി' സ്ഥാപിക്കുന്നതിനുള്ള പദ്ധതികൾക്ക് തുടക്കമിട്ട് ഒമാൻ ഭവന നഗര ആസൂത്രണ മന്ത്രാലയം. പുതിയ വിദ്യാഭ്യാസ ലാൻഡ്മാർക്കിന്റെ രൂപകൽപ്പനക്കും മേൽനോട്ടത്തിനുമായി കൺസൾട്ടൻസി സേവനങ്ങൾ നൽകുന്നതിനുള്ള കരാറിനായി ടെൻഡർ ക്ഷണിച്ചു.
ഒമാനിലെ സീബ് വിലായത്തിൽ ഒരുങ്ങുന്ന ഹൈതം സിറ്റിയിൽ 14.8 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വിഭാവനം ചെയ്തിരിക്കുന്ന സാംസ്‌കാരിക, മത, വാസ്തുവിദ്യ, സിവിൽ എന്നിങ്ങനെയുള്ള നിരവധി കെട്ടിടങ്ങളിൽ ഒന്നാണ് 'ഫ്യൂച്ചറിസ്റ്റിക് യൂനിവേഴ്‌സിറ്റി'. സുൽത്താൻ ഹൈതം സിറ്റിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി സ്ട്രാബാഗ് ഒമാൻ കമ്പനിയുമായാണ് ഭവന, നഗരാസൂത്രണ മന്ത്രാലയം കരാർ ഒപ്പുവെച്ചിട്ടുള്ളത്. ഏഴ് ദശലക്ഷം റിയാലിന്റെ കരാറിൽ, റോഡുകളുടെ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനും വാദികളിലൂടെയുള്ള മഴവെള്ള പാതകൾ സ്ഥാപിക്കുന്നതിനും സെൻട്രൽ പാർക്കിനോട് ചേർന്നുള്ള പ്രദേശം വികസിപ്പിക്കൽ എന്നിവയാണ് വരുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ആദ്യ ഘട്ടം ഡിസംബർ 28ന് ആരംഭിച്ച് മൂന്ന് മാസം കൊണ്ട് പൂർത്തിയാക്കും. ആധുനിക സൗകര്യങ്ങളടങ്ങിയ 'സുൽത്താൻ ഹൈതം സിറ്റി' സീബ് വിലായത്തിൽ ഏകദേശം 15 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഒരുങ്ങുന്നത്.
Adjust Story Font
16