സ്വാതന്ത്ര്യസമര പോരാളികളെ അനുസ്മരിച്ച് പ്രവാസി വെൽഫെയർ സലാല
സലാല: ഇന്ത്യയുടെ 78ാമത് സ്വാതന്ത്ര്യ ദിനാചരണത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ സലാലയിൽ സ്വാതന്ത്ര്യസമര സേനാനികളുടെ അനുസ്മരണം സംഘടിപ്പിച്ചു. ഐഡിയൽ ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് അബ്ദുല്ല മുഹമ്മദ് അധ്യക്ഷത വഹിച്ചു. നൂറ്റാണ്ടുകൾ നീണ്ട പാശ്ചാത്യ അധിനിവേശ നാളുകളിൽ അക്രമങ്ങൾക്കും അനീതിക്കും ഇരയായി ജീവിക്കേണ്ടിവന്നവരും അധിനിവേശ ശക്തികൾക്കെതിരായ പോരാട്ടത്തിൽ ജീവിതവും ജീവനും സമർപ്പിച്ചവരുമായ പല തലമുറകളിൽ പെട്ട ധീര ദേശാഭിമാനികളെ സ്മരിക്കുവാനും അവർ നേടിയെടുത്ത സ്വാതന്ത്ര്യത്തെ കാത്തു സൂക്ഷിക്കുമെന്ന് പ്രതിജ്ഞ എടുക്കുവാനുമുള്ള സന്ദർഭമാണിതെന്ന് അദ്ദേഹം പറഞ്ഞു.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ജനറൽ സെക്രട്ടറി സജീബ് ജലാൽ സംസാരിച്ചു. ദുരിതാശ്വാസ ഫണ്ട് സമാഹരണത്തിലേക്ക് വൈസ് പ്രസിഡൻറ് രവീന്ദ്രൻ നെയ്യാറ്റിൻകരയുടെ സംഭാവന കബീർ കണമല, സബീർ.പി.ടി എന്നിവർ ചേർന്നു ഏറ്റുവാങ്ങി. സംഗമത്തിൽ പങ്കെടുത്തവർ മെഴുകുതിരി തെളിച്ചുകൊണ്ട് വയനാട് ദുരന്തത്തെ അതിജീവിച്ചവർക്ക് പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും സന്ദേശം പ്രകാശിപ്പിക്കുകയും ചെയ്തു. ട്രഷറർ വഹീദ് ചേന്ദമംഗലൂർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ഷമീർ വി.എസ് സ്വാതന്ത്രസമര സേനാനികളുടെ അനുസ്മരണ പ്രഭാഷണം നടത്തി. വിമാനയാത്രയുമായി ബന്ധപ്പെട്ട പ്രവാസികൾ നിരന്തരമായി നേരിട്ടുകൊണ്ടിരിക്കുന്ന പ്രയാസങ്ങൾക്ക് പരിഹാരം കാണുവാൻ സർക്കാർ തലത്തിൽ സ്ഥിര സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം വർക്കിംഗ് കമ്മിറ്റി അംഗം ഷജീർ ഹസ്സൻ അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി തസ്രീന ഗഫൂർ സ്വാഗതവും വൈസ് പ്രസിഡൻറ് കെ. സൈനുദ്ദീൻ നന്ദിയും പറഞ്ഞു.
Adjust Story Font
16