സുൽത്താന്റെ സ്ഥാനാരോഹണ വാർഷികം: ഒമാനിൽ ജനുവരി 12ന് പൊതു അവധി
2020 ജനുവരി 11-നാണ് സുൽത്താൻ ഹൈതം ബിൻ താരിഖ് ഒമാന്റെ ഭരണാധികാരിയായി അധികാരമേറ്റത്
മസ്‌കത്ത്: സുൽത്താൻ ഹൈതം ബിൻ താരിഖ് അധികാരമേറ്റതിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഒമാനിൽ ജനുവരി 12ന് പൊതു അവധി പ്രഖ്യാപിച്ചു. സുൽത്താൻ അധികാരമേറ്റതിന്റെ വാർഷികത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായാണ് പ്രഖ്യാപനം. പൊതു സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി ബാധകമായിരിക്കും. വാരാന്ത്യ ദിനങ്ങൾ ഉൾപ്പെടെ തുടർച്ചയായി മൂന്ന് ദിവസം അവധി ലഭിക്കും.
'നവീകരിച്ച നവോത്ഥാനം' എന്ന മുദ്രാവാക്യത്തിലാണ് ഇപ്രാവശ്യത്തെ വാർഷികാഘോഷം. ദേശീയ ആഘോഷങ്ങൾക്കായുള്ള സെക്രട്ടേറിയറ്റ് ജനറൽ കഴിഞ്ഞ ദിവസം ലോഗോ പുറത്തിറക്കിയിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സുൽത്താന്റെ നേതൃത്വത്തിനു കീഴിൽ രാജ്യത്തുണ്ടായ സാമൂഹിക വികസനം, യുവാക്കളുടെ ശാക്തീകരണം, സാമ്പത്തിക വളർച്ച, അധികാര വികേന്ദ്രീകരണം, ഭരണം എന്നീ പുരോഗതിയുടെ അടിസ്ഥാന സ്തംഭങ്ങളെ പ്രതിഫലിപ്പിക്കുന്നതായിരുന്നു ലോഗോ. മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ വിയോഗത്തെ തുടർന്ന് 2020 ജനുവരി 11-നാണ് സുൽത്താൻ ഹൈതം ബിൻ താരിഖ് ഒമാന്റെ ഭരണാധികാരിയായി അധികാരമേറ്റത്.
Adjust Story Font
16