മഴ: ഒമാനിൽ മരിച്ചവരുടെ എണ്ണം ആറായി
മഴയിൽ വാദിയിൽ അകപ്പെട്ട നിരവധിപേരെ രക്ഷിച്ചു
മസ്കത്ത്: രണ്ട് ദിവസമായി പെയ്യുന്ന മഴയിൽ ഒമാനിൽ മരിച്ചവരുടെ എണ്ണം ആറായി. കനത്ത മഴയിൽ വാദിയിൽ അകപ്പെട്ട നിരവധി പേരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷിച്ചു.
ഒമാനിലെ ദാഖിലിയ ഗവർണറേറ്റിൽ ഇസ്‌ക്കി വിലായത്തിലെ വാദിയിൽ കാണാതായ സ്ത്രീ, ജബൽ അഖ്ദറിൽ വാദിയിൽ കാണാതായ ആൾ, ദാഹിറ ഗവർണറേറ്റിലെ യാങ്കൂൾ വിലായത്തിലെ വാദി ഗയ്യയിൽ അകപ്പെട്ടയാൾ എന്നിവരെ മരിച്ച നിലയിൽ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി കണ്ടെത്തി.
തിങ്കളാഴ്ച റുസ്താഖിലെ വാദി ബനീ ഗാഫിറില്‍ അകപ്പെട്ട് മൂന്നു കൂട്ടികൾ മരിച്ചിരുന്നു. വിവിധ പ്രദേശങ്ങളിലെ റോഡുകളിലേക്ക് വീണ മണ്ണുകളും കല്ലുകളും നീക്കുന്ന പ്രവർത്തനങ്ങൾ മുനസിപ്പാലിറ്റികളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
വിവിധ ഇടങ്ങളിൽ സിവിൽ ഡിഫൻസ് ആൻഡ് ആബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിലും റോഡുകളിൽ കെട്ടികിടക്കുന്ന വെള്ളങ്ങളും മറ്റും നീക്കം ചെയ്തു. മുൻകരുതൽ നടപടികളുടെ ഭാഗമായി ദോഫാർ, അൽവസ്ത, മുസന്ദം ഒഴികെയുള്ള ഗവർണറേറ്റുകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി നൽകിയിരുന്നു. ബുധനാഴ്ചയോടെ ക്ലാസുകൾ പുനരാരംഭിക്കും. അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായി പെയ്തിരുന്ന മഴക്ക് ചൊവ്വാഴ്ചയോടെ ശമനമുണ്ടായി.
Adjust Story Font
16