സലാല ഐ.എസ്.സി മലയാള വിഭാഗം ഓണാഘോഷം സെപ്തംബർ 20ന്
പഴയിടം മോഹനൻ നമ്പൂതിരി ഒരുക്കുന്ന ഓണസദ്യ മുഖ്യ ആകർഷണം
സലാല: ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മലയാള വിഭാഗത്തിന്റെ ഓണാഘോഷം സെപ്തംബർ 20ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരി ഒരുക്കുന്ന ഓണസദ്യയായിരിക്കും പ്രധാന ആകർഷണം. അതേ ദിവസം രാവിലെ മുതൽ ക്ലബ്ബ് അങ്കണത്തിൽ വിവിധ കലാ കായിക മത്സരങ്ങളും ഘോഷയാത്രയും സംഘടിപ്പിക്കും.
സദ്യയിലേക്ക് ക്ലബ്ബ് അംഗങ്ങൾക്ക് പ്രവേശനം സൗജന്യമാണെങ്കിലും മറ്റുള്ളവർ നേരത്തെ തന്നെ നിശ്ചിത ഫീസ് നൽകി കൂപ്പണുകൾ സ്വന്തമാക്കേണ്ടതുണ്ട്. പരിമിതമായ കൂപ്പണുകൾ ബദർ അൽ സമ, അൽ സാഹിർ ക്ലിനിക്, ടോപാസ് റെസ്റ്റോറന്റ്, അൽ ഫവാസ് ട്രാവത്സ്,ടോപാസ് സാദ, ഇലക്ട്രോ മെക്കാനിക്കൽ സർവീസ് സനായിയ്യ എന്നിവിടങ്ങളിൽ ലഭ്യമാണ്.
മലയാള വിഭാഗം വിപുലമായ തോതിൽ സംഘടിപ്പിക്കുന്ന ബാലകലോത്സവത്തിന്റെ ഉദ്ഘാടനവും കേരളപ്പിറവി ആഘോഷവും നവംബർ ഒന്നിനാണ് നടക്കുക. വി.ടി. മുരളി മുഖ്യാതിഥിയായിരിക്കും. മിനി സ്‌ക്രീൻ താരം പ്രദീപ് പൂലാനി കലാപരിപാടികൾക്ക് നേതൃത്വം നൽകും. അഞ്ച് കാറ്റഗറികളിലായി 37 ഇനങ്ങളിൽ നടക്കുന്ന ബാല കലോത്സവ മത്സരങ്ങളുടെ രജിസ്‌ട്രേഷൻ ഇതിനകം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 92534919.
ടോപാസ് റെസ്റ്റോറന്റിൽ നടന്ന വാർത്താസമ്മേളനത്തിൽ കൺവീനർ എ.പി. കരുണൻ, കോ-കൺവീനർ റഷീദ് കൽപറ്റ, ട്രഷറൽ സജീബ് ജലാൽ, കൾച്ചറൽ സെക്രട്ടറി പ്രശാന്ത് നമ്പ്യാർ, ഐ.എസ്.സി വൈസ് പ്രസിഡന്റ് സണ്ണി ജേക്കബ്, ബാലകലോത്സവം സെക്രട്ടറി ഷജിൽ കോട്ടായി, മണികണ്ഠൻ ആർ. നായർ, ഡെന്നി ജോൺ, ദിൽരാജ് നായർ എന്നിവർ സംബന്ധിച്ചു.
Adjust Story Font
16