സഹിഷ്ണുതയുടെ സ്നേഹതീരം കലുഷിതമാക്കരുത്: ഷാഫി ചാലിയം
'മഹത്തായ സന്ദേശങ്ങൾ സമൂഹത്തിനു നൽകിയ പൂർവികരുടെ നാടാണ് കേരളം'
സലാല : പരസ്പര സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും പാരമ്പര്യമുള്ള മലയാള മണ്ണിൽ ഭിന്നിപ്പിന്റെ സ്വരങ്ങൾ വിതറി കലുഷിതമാക്കാൻ അനുവദിക്കരുതെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. യൂത്ത് കോപ്ളക്സ് ഓഡിറ്റോറിയത്തിൽ സലാല കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഒമാൻ ദേശീയ ദിനാഘോഷത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം
മഹത്തായ സന്ദേശങ്ങൾ സമൂഹത്തിനു നൽകിയ പൂർവികരുടെ നാടാണ് കേരളം. നൂറ്റാണ്ടുകൾക്ക് മുമ്പ് എല്ലാം നൽകി അറബികളെ വരവേറ്റവരാണ് നമ്മൾ.അന്നം തേടി പ്രവാസ ലോകത്തെത്തിയ മലയാളികളെ മതപരമായ വിവേചനമില്ലാതെയാണ് അറബ് സമൂഹം സ്വീകരിച്ചത് .അറബികളും കേരളവും തമ്മിലുള്ള ഹൃദയബന്ധം മത സൗഹാർഥത്തിന്റെ അടയാളം കൂടിയാണ്. മുസ്‍ലിം രാജ്യങ്ങളിൽ ഇതര മത വിശ്വാസത്തിന്റെ ആരാധനാലയങ്ങൾ ഉയർന്നത് സഹിഷ്ണുതയുടെയും ഉൾക്കൊള്ളലിന്റെയും അടയാളങ്ങളാണെന്നും ഷാഫി ചാലിയം പറഞ്ഞു. ഇത് കലുഷിതമാക്കാൻ ആരെയും അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു
അനസ് ഹാജി അധ്യക്ഷത വഹിച്ച പരിപാടി കെ.എം.സി.സി സലാല പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ ഉദ്ഘാടനം ചെയ്തു. ഷബീർ കാലടി, നാസർ കമൂന, മുസ്തഫ ഫലൂജ , ആർ.കെ. അഹമ്മദ്,ഹമീദ് കല്ലാച്ചി എന്നിവർ സംസാരിച്ചു. മുനീർ മുട്ടുങ്ങൽ സ്വാഗതവും ഷംസീർ കൊല്ലം നന്ദിയും പറഞ്ഞു. ഷാഫി കൊല്ലം നയിച്ച ഗാനമേളയും അരങ്ങേറി. പരിപാടി വീക്ഷിക്കാൻ കുടുംബങ്ങൾ ഉൾപ്പടെ നൂറു കണക്കിനാളുകൾ എത്തിയിരുന്നു.
Adjust Story Font
16