Quantcast

54ാം ഒമാൻ ദേശീയ ദിനത്തിൽ 54 കി.മീ ദീർഘദൂര നടത്തവുമായി സലാല ഫാസ് സ്‌പോർട്‌സ്

കായികാധ്യാപകൻ ഈശ്വർ ദേശ്മുഖ് നേതൃത്വം നൽകും

MediaOne Logo

Web Desk

  • Published:

    17 Nov 2024 2:18 PM GMT

On the 54th Oman National Day, Salalah Faz Sports will conduct a 54km long-distance walk.
X

സലാല: 54ാം ഒമാൻ ദേശീയ ദിനത്തിൽ 54 കിലോമീറ്റർ ദീർഘദൂര നടത്തവുമായി സലാല ഫാസ് സ്‌പോർട്‌സ്. ആരോഗ്യ ബോധവത്കരണത്തിനായി സലാലയിൽ നിന്ന് മുഗ്‌സൈലിലേക്കാണ് ദേശീയ ദിന അവധി ദിനത്തിൽ ദീർഘദൂര നടത്തം സംഘടിപ്പിക്കുക. Salalah Walks for Wellness എന്ന തലക്കെട്ടിലാണ് പരിപാടി.

ദീർഘദൂര നടത്തക്കാരനും ഇന്ത്യൻ സ്‌കൂൾ കായികാധ്യാപകനുമായ ഈശ്വർ ദേശ്മുഖാണ് നടത്തത്തിന് നേതൃത്വം നൽകുക. നേരത്തെ രജിസ്റ്റർ ചെയ്യുന്നവർക്കും ഈ നടത്തത്തിൽ ഭാഗികമായോ മുഴുവനായോ പങ്കാളികളാകാം.

ഫാസ് സ്‌പോർട്‌സും ലൈഫ് ലൈൻ ആശുപത്രിയുമായി ചേർന്നാണ് നടത്തം സംഘടിപ്പിക്കുന്നത്. അവധി ദിനമായ നവംബർ 20 ബുധൻ രാവിലെ നാല് മണിക്ക് ഹംദാനിലെ ലൈഫ് ലൈൻ ആശുപത്രി പരിസരത്ത് നിന്ന് നടത്തം ഫ്‌ളാഗ് ഓഫ് ചെയ്യും. ഏകദേശം ഏഴ് മണിക്കൂർ കൊണ്ട് 11 മണിയോടെ മുഗ്‌സൈലിൽ എത്തിച്ചേരാണ് പരിപാടി.

തുടക്കത്തിൽ ലൈഫ് ലൈൻ മുതൽ റൈസൂത്ത് വരെയോ അവസാനം മുഗ്‌സൈൽ ബീച്ചിലോ മധ്യ ഭാഗത്തോ താത്പര്യമുള്ളവർക്ക് പങ്കാളികളാകാം . സലാലയിൽ താമസിക്കുന്ന ആർക്കും ഗൂഗിൾ ഫോം വഴി നേരത്തെ രജിസ്റ്റർ ചെയ്ത് ഇതിൽ പങ്കെടുക്കാം. നടക്കുന്നവർക്കുള്ള ടീഷർട്ടും ക്യാപ്പും ആവശ്യമായ ഡ്രിങ്‌സും ലഭ്യമാക്കുന്നതാണ്. നടത്തത്തിനുള്ള മുഴുവൻ സഹകരണവും നൽകുമെന്ന് ബന്ധപ്പെട്ട മന്ത്രാലയങ്ങൾ അറിയിച്ചു.

നടത്തത്തിന് നേതൃത്വം നൽകുന്ന ഈശ്വർ ദേശ്മുഖ് കഴിഞ്ഞ ഫെബ്രുവരിയിൽ സലാലയിൽനിന്ന് താഖയിലേക്ക് 28 കിലോമീറ്റർ ഏകദേശം നാല് മണിക്കൂർ കൊണ്ട് നടന്നിരുന്നു. ആരോഗ്യ ബോധവത്കരണത്തിനായുള്ള ഈ ശ്രമത്തിൽ മുഴുവൻ ആളുകളും പങ്കാളികളാകണമെന്ന് ഇദ്ദേഹം പറഞ്ഞു.

ഫാസ് ഡയറക്ടർ ജംഷാദ് അലി, ലൈഫ് ലൈൻ ഓപറേഷൻ മാനേജർ അബ്ദുൽ റഷീദ് എന്നിവർ ആസൂത്രണ പരിപാടിയിൽ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് 94272545.

TAGS :

Next Story